ടോക്കിയോ: ജപ്പാനിൽ കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി യോഷിഹിഡെ സുഗയുടെ ഇന്ത്യ, ഫിലിപ്പൈൻസ് സന്ദർശനം റദ്ദാക്കി. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് എന്ന ലക്ഷ്യത്തിനു വേണ്ടി ഇരു രാജ്യങ്ങളുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിനാണ് ഏപ്രിൽ അവസാനം മുതൽ മെയ് ആദ്യം വരെ സന്ദർശനം ആസൂത്രണം ചെയ്തിരുന്നത്.
ഇന്ത്യ, ഫിലിപ്പൈൻസ് സന്ദർശനം റദ്ദാക്കി ജപ്പാൻ പ്രധാനമന്ത്രി
കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
പ്രധാനമന്ത്രി ആയതിന് ശേഷമുള്ള സുഗയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള ഉച്ചകോടിക്കായി സുഗ അമേരിക്കൻ സന്ദർശനം നടത്തിയിരുന്നു.
5,40,000 കൊവിഡ് കേസുകളും 9,707 കൊവിഡ് മരണങ്ങളുമാണ് ജപ്പാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ടോക്കിയോ, ഒസാക്ക എന്നീ നഗരങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ടോക്കിയോ, ഒസാക്ക, ഹ്യോഗോ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.