ന്യൂഡല്‍ഹി: കൊവിഡ്-19 രോഗബാധിതരുടെ എണ്ണം വർധിച്ചതിന്‍റെ പശ്ചാത്തലത്തിൽ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പൗരന്മാർക്കുള്ള വിസ ഓണ്‍ അറൈവല്‍ സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ എംബസി. ക്രൂയിസ് കപ്പലായ ഡയമണ്ട് പ്രിൻസസിൽ നിന്ന് 119 ഇന്ത്യക്കാരെയും അഞ്ച് വിദേശികളെയും ഇന്ത്യ ഒഴിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. കപ്പലിലെ 3,711 യാത്രക്കാരില്‍ 700ലധികം ആളുകൾക്ക് രോഗം കണ്ടെത്തിയിരുന്നു.
ജപ്പാന്‍, ദക്ഷിണ കൊറിയ പൗരന്മാർക്ക് വിസ നല്‍കുന്നത് താൽകാലികമായി നിര്‍ത്തിവച്ച് ഇന്ത്യ - covid 19
കൊവിഡ്-19 രോഗം പടരുന്ന സാഹചര്യത്തിലാണ് തീരുമാനം
2,000ലധികം കേസുകളാണ് കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 13 പേര്‍ മരിച്ചു. എഎഫ്‌പി റിപ്പോർട്ട് അനുസരിച്ച് പുതിയ കേസുകളിൽ 90 ശതമാനത്തിലധികവും ഡെയ്‌ഗു നഗരത്തിലായിരുന്നു. പ്രഭവകേന്ദ്രം നോർത്ത് ജിയോങ്‌സാങ് പ്രവിശ്യയാണ്. അതുകൊണ്ടുതന്നെ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പൗരന്മാർക്ക് ലഭ്യമായിരുന്ന വിസ ഓണ്‍ അറൈവൽ സേവനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഒപ്പം വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്‌തു. ചൈനയില്‍ താമസമാക്കിയ ഇന്ത്യന്‍ സഞ്ചാരികൾക്കുള്ള ഇ-വിസ ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു. പിന്നാലെ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ ചൈന സന്ദര്‍ശിച്ചവരുടെ വിസയും ഇന്ത്യ റദ്ദാക്കി. അതേസമയം ചൈനയിൽ രോഗം മൂലം മരിച്ചവരുടെ എണ്ണം 2,788 ആയി. സ്ഥിരീകരിച്ച കേസുകൾ 78,824 ആയി ഉയർന്നതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.