ഹോങ്കോംഗ്: ചൈനയിലെ പ്രത്യേക ഭരണ പ്രദേശമായ ഹോങ്കോംഗില്‍ മാസങ്ങളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭം ഒരിടവേളക്ക് ശേഷം വീണ്ടും ശക്തി പ്രാപിക്കുകയാണ്. ജനാധിപത്യ പ്രക്ഷോഭ അനുകൂലികൾ ഇന്നലെ വീണ്ടും ഹോങ്കോംഗ് വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഉപരോധിച്ചു. വിമാനത്താവളത്തിലേക്ക് കാല്‍നടയായിട്ടാണ് യാത്രക്കാര്‍ക്ക് പ്രവേശിക്കാനായത്. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനവും ഭാഗികമായി തടസപ്പെട്ടു. മിക്ക വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.
വിമാനത്താവളത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പൊലീസ് തടഞ്ഞു. ആയിരക്കണക്കിന് കറുത്ത വസ്ത്രധാരികളാണ് വിമാനത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നാണ് ഹോങ്കോംഗിലേത്. ഹോങ്കോംഗിലെ വിമാന ഗതാഗതം തടസപ്പെട്ടാല്‍ പ്രക്ഷോഭത്തിന് കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കും. ഇത് കൊണ്ടാണ് സമരത്തെ അടിച്ചമര്‍ത്താന്‍ ഹോങ്കോംഗ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെ വീണ്ടും വിമാനത്താവള ഉപരോധവുമായി പ്രക്ഷോഭകര്‍ രംഗത്തെത്തുന്നത്. പ്രധാനപ്പെട്ട സമര നേതാക്കളില്‍ പലരെയും സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയിരുന്നു.