ഇസ്‌ലാമാബാദ്: കൊവിഡ് വ്യാപനത്തിനിടയിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദീപാവലി ആഘോഷമാക്കി പാകിസ്ഥാനിലെ ഹിന്ദുക്കൾ. പ്രായഭേദമന്യേ വിളക്കുകൾ കത്തിച്ചും പടക്കങ്ങൾ പൊട്ടിച്ചുമാണ് ഏവരും ദീപാവലി ആഘോഷത്തിൽ പങ്കെടുത്തത്. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നതിനൊപ്പം കലാസൃഷ്ടികളും പെയിന്‍റിംഗുകളും ആസ്വദിക്കാൻ കഴിയുമെന്നും ചോര കൊണ്ട് കളിക്കുന്നതിന് പകരം ഉത്സവങ്ങളെ നിറങ്ങളാൽ ആഘോഷിക്കുന്നതായിരിക്കും നല്ലതെന്നുമാണ് പാകിസ്ഥാൻ സ്വദേശിയായ പൂജയുടെ അഭിപ്രായം. ഈ ആഘോഷങ്ങളിൽ, കൊവിഡ് എന്ന മഹാമാരിയെ എത്രയും വേഗം ഇല്ലാതാക്കാൻ തങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമെന്നാണ് മറ്റൊരു വിശ്വാസി പറയുന്നത്. ദീപാവലിയോടനുബന്ധിച്ച് കറാച്ചിയിലെ നാരായണ സ്വാമി ക്ഷേത്രം പ്രകാശപൂരിതമാക്കുകയും ചെയ്തിരുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദീപാവലി ആഘോഷമാക്കി പാകിസ്ഥാനിലെ ഹിന്ദുക്കൾ
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാകിസ്ഥാനിലെ ഹിന്ദുക്കൾ ദീപാവലി ആഘോഷിച്ചത്
ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. വിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായ രാമൻ 14 വർഷത്തെ വനവാസത്തിന് ശേഷം മടങ്ങിയെത്തുകയും അസുര രാജാവായ രാവണനെതിരെ യുദ്ധം ചെയ്ത് വിജയിക്കുകയും ചെയ്ത ദിവസമായും പലരും ദീപാവലി ആഘോഷിക്കാറുണ്ട്. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയം, ഇരുട്ടിന് മേൽ പ്രകാശത്തിന്‍റെ വിജയം, അറിവില്ലായ്മയിൽ നിന്ന് അറിവിലേക്ക് എന്നിവയുടെ സ്മരണയ്ക്കായി ഇന്ത്യയിലും ആളുകൾ അവരവരുടെ വീടുകൾ അലങ്കരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യാറുണ്ട്.