ലാഹോര്‍: ഭീകര സംഘടന നേതാവും മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനുമായ ഹാഫിസ് സൈദിനെ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി വിളിച്ചുവരുത്തി. നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദാവയുടെ പേരില്‍ പണം സ്വരൂപിച്ചെന്ന കേസിലാണ് നടപടി. തീവ്രവാദ നടപടികള്‍ക്കായി സാമ്പത്തിക ഇടപാട് നടത്തിയതിന് രണ്ട് കേസുകളാണ് സൈദിനെതിരെ ചുമത്തിയത്. കേസില്‍ 2019 ഡിസംബര്‍ 11ന് സൈദിനേയും മറ്റ് നേതാക്കളേയും കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
ഹാഫിസ് സൈദിനെ പാക് തീവ്രവാദ വിരുദ്ധ കോടതി വിളിച്ചുവരുത്തി
നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദാവ അനധികൃതമായി പണം സ്വരുപിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് കോടതി വിളിപ്പിച്ചത്. അനധികൃത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് സയീദിനെതിരെ ചുമത്തിയത്.
അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജമാഅത്ത് ഉദ് ദാവ നേതാക്കള്‍ പ്രതികരിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മർദം ശക്തമാണ്. ഇതിന്‍റെ ഫലമാണ് തങ്ങള്‍ക്കെതിരെയുള്ള കേസുകളെന്നും നേതാക്കള്‍ ആരോപിച്ചു. ലഷ്‌കർ-ഇ-തായ്‌ബയുടെ നേതാക്കളാണെന്ന് തെറ്റിദ്ധരിച്ചാണ് തങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട 14ഓളം കേസുകളിൽ 2019 ജൂലൈ മൂന്നിനാണ് നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സന്നദ്ധ സംഘടനകളും ട്രസ്റ്റുകളും വഴി സ്വരൂപിച്ച വൻ തുക തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായാണ് കേസ്.