കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന് ഭീകരാക്രമണങ്ങളുടെ പശ്ചാതലത്തിൽ രണ്ട് തീവ്രവാദ സംഘടനകളെ പ്രസിഡന്‍റ് മൈത്രിപാല സിരിസേന നിരോധിച്ചു. ഭീകരാക്രമണങ്ങൾക്ക് നേതൃത്ത്വം നൽകിയെന്ന് സർക്കാർ സംശയിക്കുന്ന തീവ്രവാദ സംഘടനങളായ നാഷണൽ തൗഹീദ് ജമാ അത്തിനെയും ജമാ അത്ത് മില്ലാത്ത് ഇബ്രാഹിമിനെയുമാണ് നിരോധിച്ചത്.
ശ്രീലങ്കയിൽ രണ്ട് തീവ്രവാദ സംഘടനകളെ നിരോധിച്ചു - തീവ്രവാദം
ഭീകരാക്രമണങ്ങൾക്ക് നേതൃത്ത്വം നൽകിയെന്ന് സംശയിക്കുന്ന തീവ്രവാദ സംഘടനകളായ നാഷണൽ തൗഹീദ് ജമാ അത്തിനെയും ജമാ അത്ത് മില്ലാത്ത് ഇബ്രാഹിമിനെയും ശ്രീലങ്കൻ സർക്കാർ നിരോധിച്ചു.
ഇരു സംഘടനകളുടെയും എല്ലാ പ്രവർത്തനങ്ങളും നിർത്തുകയും സ്വത്തു വകകൾ കണ്ടുകെട്ടുകയും ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നടന്ന സ്ഫോടന പരമ്പരകളിൽ 253 പേർ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളുടെ പശ്ചാതലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം വെള്ളിയാഴ്ച വൈകിട്ട് സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ പശ്ചാതലത്തിൽ രാജ്യത്തെ എല്ലാ വീടുകളിലും തെരച്ചിൽ നടത്തണമെന്ന് പ്രസിഡന്‍റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്‍റലിജൻസ് ഭീഷണി ലഭിച്ചിട്ടും ആക്രമണം തടയാത്തതിൽ ശ്രീലങ്കൻ സർക്കാർ കടുത്ത പ്രതിസന്ധിയിലാണ്. ഇതേതുടർന്ന് ശ്രീലങ്കൻ പൊലീസ് മേധാവിയും പ്രതിരോധ സെക്രട്ടറിയും രാജി വച്ചിരുന്നു.