ബെയ്‌ജിങ്: വുഹാനില്‍ നിന്നുള്ള കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്‌ത ചൈനീസ് മാധ്യമപ്രവര്‍ത്തകയ്‌ക്ക് അഞ്ച് വര്‍ഷം തടവ് നേരിടേണ്ടി വരും. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് മെയ് മാസം മുതല്‍ തടവിലാണ് ഷാങ് ഷാന്‍ എന്ന മാധ്യമപ്രവര്‍ത്തക. മുന്‍ അഭിഭാഷക കൂടിയായ ഷാങ് ഷാനെ അറസ്റ്റ് ചെയ്‌തതിന് ശേഷം ആറുമാസത്തിലേറെയായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വിചാറ്റ്, ട്വിറ്റര്‍, യൂട്യൂബ് എന്നിവ വഴി വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് പ്രൊസിക്യൂഷന്‍റെ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. വിദേശമാധ്യമങ്ങളായ ഫ്രീ റേഡിയോ ഏഷ്യ, എപോക് ടൈംസ് എന്നിവയ്‌ക്കും അഭിമുഖം നല്‍കിയെന്നും പ്രൊസിക്യൂഷന്‍ രേഖകളില്‍ പറയുന്നു.
കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമപ്രവര്‍ത്തകക്ക് 5 വര്‍ഷം തടവ് നല്‍കാനൊരുങ്ങി ചൈന - COVID-19
മാധ്യമപ്രവര്‍ത്തകയായ ഷാങ് ഷാന്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് മെയ് മാസം മുതല്‍ തടവിലാണ്.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ തടവിലിടുന്നതും ഇരകളുടെ കുടുംബങ്ങളെ ദ്രോഹിക്കുന്നതും ഷാങ് ഷാന്‍റെ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെട്ടിരുന്നതായി എന്‍ജിഒയായ ചൈനീസ് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍ഡേര്‍സ് വ്യക്തമാക്കിയതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്‌തു. ചൈനീസ് അധികാരികള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തിയതിന് 2018ലും, ഹോങ്കോങ് പ്രക്ഷോഭകര്‍ക്ക് പിന്തുണയറിയിച്ചതിനും നേരത്തെയും ഷാങ് ഷാന്‍ അറസ്റ്റിലായിരുന്നു. വുഹാനിലെ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്‌ത നിരവധി പ്രവര്‍ത്തകരും സമാനമായ രീതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന് ശേഷം നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ചൈനയില്‍ അറസ്റ്റിലായി.