ബെയ്‌ജിങ്: കൊറോണ വൈറസിന്‍റെ പിടിയിലകപ്പെട്ട ഡോക്‌ടർ മരണത്തിന് കീഴടങ്ങി. വൈറസിന്‍റെ പ്രഭവകേന്ദ്രമായ ഹുബെയിലെ സിൻഹുവ ആശുപത്രിയിൽ സർജനായ ലിയാങ് വുഡോംഗാണ് ശനിയാഴ്‌ച രാവിലെ മരിച്ചത്. ഇതോടെ മരണസംഖ്യ 41 ആയി. വൈറസ് ബാധ സ്ഥിരീകരിച്ച 1,287 കേസുകളിൽ 237 പേരുടെ നില ഗുരുതരമാണ്. വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തിൽ കഴിഞ്ഞയാഴ്‌ചയാണ് ലിയാങ് വുഡോംഗിനെ വുഹാനിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
കൊറോണ വൈറസ്; രോഗികളെ ചികിത്സിച്ച ഡോക്‌ടർ മരണത്തിന് കീഴടങ്ങി - wuhan
ഹുബെയിലെ സിൻഹുവ ആശുപത്രിയിൽ സർജനായ ലിയാങ് വുഡോംഗാണ് ശനിയാഴ്‌ച രാവിലെ മരിച്ചത്
പൊതു ഗതാഗതം താൽകാലികമായി നിർത്തലാക്കിയ വുഹാനിലും ഹുബെയിലെ 12 നഗരങ്ങളിലും ചികിത്സാസഹായങ്ങൾ എത്തിക്കുന്നതിനായി മെഡിക്‌സ് സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ സൈനിക ആശുപത്രിയിൽ നിന്നും 40 ഡോക്‌ടർമാർ വുഹാനിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട്. രോഗികളുടെ ചികിത്സക്കായി 1,000 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കാനുള്ള തിരക്കിലാണ് വുഹാനിലെ പ്രാദേശിക സർക്കാർ. 10 ദിവസത്തിനുള്ളിൽ ആശുപത്രി നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. വവ്വാലുകളിൽ നിന്നാണോ പാമ്പുകളിൽ നിന്നാണോ വൈറസ് വ്യാപിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണ്. ന്യൂമോണിയയുടെ രോഗലക്ഷണങ്ങളോടെ പകരുന്ന രോഗത്തിന് പ്രത്യേകിച്ച് ചികിത്സകളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഹോങ്കോങ്, മക്കാവു, തായ്‌വാൻ, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലാന്‍റ്, വിയറ്റ്നാം, അമേരിക്ക എന്നിവിടങ്ങളിലും വൈറസ് വ്യാപിച്ചുകഴിഞ്ഞു. വൈറസ് വ്യാപനം രൂക്ഷമായതോടെ പുതിയ വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ചൈനീസ്, അമേരിക്കൻ ഗവേഷകർ.