ബെയ്‌ജിങ്: കാൻസിനോ ബയോളജിക്‌സ് ഇൻകോർട്ടുമായി ചേർന്ന് രാജ്യം വികസിപ്പിച്ചെടുത്ത കൊവിഡ്-19 വാക്‌സിൻ കണ്ടുപിടിച്ചതിനുള്ള ആദ്യ പേറ്റന്‍റ് ചൈന സ്വന്തമാക്കി. ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചൈനീസ് സൈന്യത്തിലെ പകർച്ചവ്യാധി വിഭാഗ വിദഗ്‌ധനായ ചെൻ വെയുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പമാണ് കാൻസിനോ ബയോളജിക്‌സ് ഇൻകോർട്ട് ആഡ്5- എൻകോവ് എന്ന പേരിലുള്ള അഡിനോവൈറസ് വാക്സിൻ വികസിപ്പിച്ചെടുത്തത്. പേറ്റന്‍റ് നൽകിയത് വഴി വാക്സിന്‍റെ ഫലപ്രാപ്തിയും സുരക്ഷയും കൂടുതൽ സ്ഥിരീകരിച്ചു. ചൈനീസ് വിപണിയിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും പേറ്റന്‍റ് അനുവദിച്ചത് വഴി സാധ്യമാകും. കാര്യമായ തെളിവുകൾ നൽകാതെ ചൈനീസ് ഹാക്കർമാർ വൈറസുമായി ബന്ധപ്പെട്ട ചികിത്സകളെയും വാക്‌സിനുകളെയും സംബന്ധിച്ച വിവരങ്ങൾ മോഷ്‌ടിക്കുന്നുവെന്നും കഴിഞ്ഞ മെയ് മാസം മുതൽ അമേരിക്ക ആരോപിച്ചിരുന്നു.
കൊവിഡ് -19 വാക്‌സിന്‍റെ ആദ്യ പേറ്റന്‍റ് സ്വന്തമാക്കി ചൈന
ആഡ്5- എൻകോവ് എന്ന അഡിനോവൈറസ് വാക്‌സിനാണ് ചൈന പേറ്റന്‍റ് നേടിയത്.
മാർച്ച് 18നാണ് നാഷണൽ ബൗദ്ധിക സ്വത്താവകാശ വിഭാഗത്തില്‍ പേറ്റന്‍റിനായി കാൻസിനോ അപേക്ഷ സമർപ്പിച്ചത്. രോഗികളിൽ ഒന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ഓഗസ്റ്റ് 18ന് അംഗീകാരം നേടി. വിദേശത്ത് നടത്തുന്ന വാക്‌സിനിലെ മൂന്നാം ഘട്ട വിചാരണ സുഗമമായി പുരോഗമിക്കുകയാണെന്നും കാൻസിനോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി കാൻസിനോ മെക്‌സിക്കോയുമായി കരാർ ഒപ്പിട്ടു. വാക്‌സിൻ സംബന്ധിച്ച മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുമായി സഹകരിക്കുമെന്ന് സൗദി അറേബ്യ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഓഗസ്റ്റ് ഒമ്പതിന് അറിയിച്ചിരുന്നു. ഇതിനായി 5000 ആളുകളെയും സൗദി നിയോഗിച്ചു. ആഡ്5- എൻകോവിന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ റഷ്യ, ബ്രസീൽ, ചിലി എന്നിവയുമായി കാൻസിനോ ചർച്ച നടത്തിവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, കൊവിഡ് -19 പ്രതിരോധത്തിനുള്ള സ്‌പുട്‌നിക് വാക്‌സിന്‍റെ ആദ്യഘട്ട ഉത്പാദനം റഷ്യ ആരംഭിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.