ബെയ്‌ജിങ്: ഇന്ത്യ -ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന വി കെ സിങിന്‍റെ പ്രസ്‌താവനയില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാനാണ് പത്ര സമ്മേളനത്തിനിടെ പ്രസ്‌താവനയില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ തക്കതായ വിവരങ്ങള്‍ തന്‍റെ പക്കലിലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സൈനിക നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പത്ര സമ്മേളനത്തിനിടെ പറഞ്ഞു.
നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു; പ്രസ്‌താവനയില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് ചൈന - india
ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര മന്ത്രിയും മുന്‍ കരസേന മേധാവിയുമായ വി കെ സിങ് വ്യക്തമാക്കിയിരുന്നു.
ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം ഉണ്ടായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും കൊല്ലപ്പെട്ട ചൈനീസ് സൈനികരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ചൈന പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ചൈനയുടെ ഭാഗത്തും സംഘര്‍ഷത്തില്‍ നഷ്‌ടമുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ എഡിറ്റോറിയലുകളില്‍ കാണാം. ശനിയാഴ്‌ചയാണ് സംഘര്‍ഷത്തെക്കുറിച്ച് കേന്ദ്ര മന്ത്രിയും മുന്‍ കരസേന മേധാവിയുമായ വികെ സിങ് പ്രതികരിച്ചത്. ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചതെങ്കില്‍ ചൈനയ്‌ക്ക് ഇരട്ടിയിലധികം സൈനികരെയാണ് നഷ്‌ടമായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ലഫ്‌റ്റനന്‍റ് ജനറല്‍ ലെവല്‍ ചര്‍ച്ചകള്‍ ഇന്ന് നടക്കും. ആദ്യ ഘട്ട ചര്‍ച്ചകള്‍ ജൂണ്‍ 6നാണ് ഇതിന് മുന്‍പ് നടന്നത്. തുടര്‍ന്ന് ചില മേഖലകളില്‍ നിന്ന് ഇരു രാജ്യങ്ങളിലെയും സൈന്യം പിന്‍വാങ്ങി തുടങ്ങിയിരുന്നു.