ബെയ്ജിങ്:അമേരിക്കയുടേത് നഗ്നമായ സാമ്പത്തിക ഭീകരവാദമെന്ന് ചൈന. ചൈന വ്യാപാര യുദ്ധത്തിന് എതിരാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ ഭയപ്പെടുന്നവരല്ലെന്ന് അമേരിക്ക മനസ്സിലാക്കണമെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി ഴാങ് ഹാന്‍ഹുയി മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകി നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രസ്താവനുമായി ചൈന രംഗത്തെത്തിയത്.
നഗ്നമായ സാമ്പത്തിക തീവ്രവാദവും സാമ്പത്തിക മേല്‍ക്കോയ്മയുമാണ് അമേരിക്ക നടത്തുന്നത്. സാമ്പത്തികമായി മറ്റുള്ളവരെ ഭയപ്പെടുത്തുകയാണ് അമേരിക്ക ചെയ്യുന്നതെന്നും ചൈന വിമർശിച്ചു. വ്യാപാര യുദ്ധത്തില്‍ ആര്‍ക്കും വിജയമില്ലെന്ന് അമേരിക്ക മനസിലാക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ചൈനീസ് ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച് അമേരിക്കയാണ് വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ചൈനയും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുമേലുള്ള നികുതി വർധിപ്പിച്ച് തിരിച്ചടിച്ചു. ജൂണ്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ച നികുതി നിലവില്‍ വരും.