കബൂൾ:യുദ്ധത്തിൽ താറുമാറായ സമ്പദ് വ്യവസ്ഥയെ തുടർന്ന് 2022 അവസാനത്തോടെ അഫ്‌ഗാനിസ്ഥാനിലെ 90 ശതമാനം ആരോഗ്യ കേന്ദ്രങ്ങളും അടച്ചുപൂട്ടുമെന്ന് ഇന്‍റർനാഷണൽ റെസ്‌ക്യു കമ്മിറ്റിയുടെ റിപ്പോർട്ട്. നിലവിലെ സാമ്പത്തിക, രാഷ്‌ട്രീയ സാഹചര്യം തുടർന്നാൽ 2022 അവസാനത്തോടെ ദശലക്ഷക്കണക്കിന് വരുന്ന അഫ്‌ഗാൻ ജനതക്ക് ആരോഗ്യ സേവന സൗകര്യങ്ങളില്ലാതെ ജീവൻ നഷ്‌ടപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യുദ്ധത്തിൽ നാമാവശേഷമായ സാമ്പത്തിക സ്ഥിതി ഇത്തരത്തിൽ തുടരുകയാണെങ്കിൽ 97 ശതമാനം ആളുകളും 2022 അവസാനമാകുമ്പോഴേക്കും പട്ടിണിയിലാകും. നിരവധി തൊഴിലാളികളെ പിരിച്ചുവിട്ടതും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും കാരണം നിലവിൽ അഫ്‌ഗാനിസ്ഥാൻ കടുത്ത ദാരിദ്ര്യത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അടുത്തിടെ പറഞ്ഞിരുന്നു. ദാരിദ്ര്യത്തിലുള്ള 2.3 ദശലക്ഷം അഫ്‌ഗാൻ ജനതയെ പോറ്റാൻ 2.6 ബില്യൺ ഡോളർ വരെ ആവശ്യമാണെന്നും വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.