കാഠ്‌മണ്ഡു: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ 85 ശതമാനം പേരും ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയവരെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി. ലിപുലെഖ്, കലാപാനി, ലിംപിയാദുര എന്നീ തന്ത്രപരമായ പ്രധാന മേഖലകളെ ഉൾക്കൊള്ളിച്ച് രാജ്യത്തിന്‍റെ പുതുക്കിയ രാഷ്ട്രീയ ഭരണ ഭൂപടം നേപ്പാൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. രാജ്യത്തിന്‍റെ വിസ്‌തൃതി കൃതൃമമായി വർധിപ്പിക്കുന്ന നേപ്പാളിന്‍റെ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചതിന് പിന്നാലെയാണ് നേപ്പാൾ പ്രധാനമന്ത്രി ആരോപണമുന്നയിച്ചത്.
279 കൊവിഡ് കേസുകളാണ് പുതിയതായി നേപ്പാളിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 4,364 ആണ്. 15 പേരാണ് മരിച്ചത്. ഇന്ത്യൻ അതിർത്തിയിലെ തെക്കൻ നേപ്പാളിൽ സ്ഥിതിചെയ്യുന്ന രണ്ടാം നമ്പർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷവും രാജ്യത്തെ കൊവിഡ് കേസുകളും മരണങ്ങളും വർധിക്കുകയാണ്. ഇന്തോ-നേപ്പാൾ അതിർത്തി മേഖലകളിൽ ആയിരക്കണക്കിന് ആളുകൾ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നു. അടിസ്ഥാന ശുചീകരണ സംവിധാനങ്ങളുടെ അഭാവം മൂലം കേന്ദ്രങ്ങളെല്ലാം കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറിക്കഴിഞ്ഞു.