ബാഗ്‌ദാദ്:ഇറാഖിലെ ദിയാല, സലാഹുദ്ദീൻ പ്രവിശ്യകളിലെ രണ്ട് സുരക്ഷാ പ്രവർത്തനങ്ങളിൽ എട്ട് ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് 140 കിലോമീറ്റർ വടക്കുകിഴക്കായി വാദി തലാബ് പ്രദേശത്ത് സുരക്ഷാ സേന ചൊവ്വാഴ്ച നടത്തിയ സുരക്ഷാ പ്രവർത്തനത്തിലാണ് നാല് ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. ആറ് ഐഎസ് ഒളിത്താവളങ്ങളും രണ്ട് മോട്ടോർ സൈക്കിളുകളും നശിപ്പിച്ചതായി ദിയാലയിലെ പൊലീസ് ഉദ്യോഗസ്ഥൻ അലി അൽ സുഡാനി പറഞ്ഞു. സലാഹുദ്ദീനിൽ നാല് ചാവേർ ആക്രമണകാരികൾ കൊല്ലപ്പെട്ടു. പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗമായ അൽ ജസീറ പ്രദേശത്ത് പൊലീസ് സേനയുടെ ആക്രമണത്തിലാണ് ചാവേറുകൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ-ബജി പറഞ്ഞു.
ഇറാഖിൽ എട്ട് ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടു
ഇറാഖിലെ ദിയാല, സലാഹുദ്ദീൻ പ്രവിശ്യകളിലെ രണ്ട് സുരക്ഷാ പ്രവർത്തനങ്ങളിലാണ് എട്ട് ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടത്.
വിശുദ്ധ റമദാൻ മാസത്തിന്‍റെ തുടക്കം മുതൽ സുരക്ഷാ സേനയ്ക്കും മുൻ ഐ.എസ് നിയന്ത്രണത്തിലുള്ള സുന്നി പ്രവിശ്യകളിലെ സിവിലിയന്മാർക്കും നേരെയുള്ള ഐ.എസ് തീവ്രവാദികളുടെ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2017 അവസാനത്തോടെ ഇറാഖ് സുരക്ഷാ സേന രാജ്യത്തുടനീളമുള്ള ഐ.എസ് തീവ്രവാദികളെ പൂർണമായും പരാജയപ്പെടുത്തിയത് മുതൽ ഇറാഖിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടു. എന്നിരുന്നാലും പ്രദേശത്തെ സുരക്ഷാ സേനയ്‌ക്കും സാധാരണക്കാർക്കുമെതിരെ നിരന്തരം തീവ്രവാദികൾ ആക്രമണം നടത്തുന്നു.