ഇസ്ലാമാബാദ്: നിരവധി ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹാരിത നിറഞ്ഞ സ്വാത് ജില്ലയിൽ 1300 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം കണ്ടെത്തി. പാകിസ്ഥാന്‍, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള പുരാവസ്തു ഗവേഷകരാണ് വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ സ്വാത് ജില്ലയിൽ മഹാവിഷ്ണുവിന്‍റെ ക്ഷേത്രം കണ്ടെത്തിയത്.
പാകിസ്ഥാനില്‍ 1300 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം കണ്ടെത്തി - Italy
ഹിന്ദു ഷാഹി കാലഘട്ടത്തിൽ നിർമിച്ച ക്ഷേത്രമാണിതെന്ന് കരുതപ്പെടുന്നു
കാബൂൾ താഴ്വര (കിഴക്കൻ അഫ്ഗാനിസ്ഥാൻ), ഗാന്ധാര (ഇന്നത്തെ പാകിസ്ഥാൻ), ഇന്നത്തെ വടക്കുപടിഞ്ഞാറൻ ഇന്ത്യൻ പ്രദേശങ്ങൾ എന്നിവ ഭരിച്ച ഹിന്ദു രാജവംശമായിരുന്ന ഹിന്ദു ഷാഹിസ് അഥവാ കാബൂൾ ഷാഹിസ് (എ.ഡി. 850–1026) കാലഘട്ടത്തിൽ നിർമിച്ചതാണിതെന്ന് കരുതപ്പെടുന്നു. സ്വാത് ജില്ലയിൽ കണ്ടെത്തിയ ഈ ക്ഷേത്രം ഗാന്ധാര നാഗരികതയുടെ ആദ്യ ക്ഷേത്രമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
ബാരിക്കോട്ട് ഗുണ്ടായിയിൽ നടത്തിയ ഖനനത്തിനിടെ ക്ഷേത്രം കണ്ടെത്തിയതിനോടൊപ്പം സൈനികത്താവളങ്ങളുടെയും കാവൽ ഗോപുരങ്ങളുടെയും അവശിഷ്ടങ്ങളും കണ്ടെത്തി. കൂടാതെ ഹിന്ദുക്കൾ ആരാധനയ്‌ക്ക് മുൻപായി കുളിക്കാൻ ഉപയോഗിച്ചതായി കരുതപ്പെടുന്ന ജലസംഭരണിയും ഗവേഷകർ കണ്ടെത്തി. ആയിരം വർഷം പഴക്കമുള്ള പുരാവസ്തു കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, ബുദ്ധമത കേന്ദ്രങ്ങൾ തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാൽ സമ്പന്നമായ പ്രകൃതി മനോഹാരിത നിറഞ്ഞ സ്വാത് ജില്ല പാകിസ്ഥാനിലെ 20 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.