ഇസ്‌ലാമാബാദ്:ഇസ്‌ലാമാബാദിലെ റസിഡൻഷ്യൽ ഫ്ലാറ്റുകളിൽ വന്‍ സ്‌ഫോടനം. വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ഒരാൾ സംഭവസ്ഥലത്ത് വെച്ച് മരണപ്പെടുകയും സ്‌ത്രീകളടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഷാജഹാൻ എന്നയാളാണ് മരണപ്പെട്ടതെന്ന് പൊലീസ് പ്രസ്‌താവന ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.
ALSO READ:ഒരുപിടിയുമില്ലാതെ ഇന്ധനവില; നട്ടം തിരിഞ്ഞ് ജനം
സമാനമായ രീതിയില്‍ വെള്ളിയാഴ്‌ച കറാച്ചിയിലെ നസിമാബാദ് ഏരിയയിൽ പെട്രോൾ പമ്പിന് സമീപമുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. നസിമാബാദിലെ വിദ്യാഭ്യാസ ബോർഡ് ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ 11 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരിൽ നാല് പേർ മരണത്തിന് കീഴടങ്ങിയതായി എആര്‍വൈ ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.