വാഷിങ്ടണ്‍: 20 വർഷത്തെ യുദ്ധം അവസാനിപ്പിക്കാൻ അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് അമേരിക്കയുടെ ഏറ്റവും മികച്ചതും ശരിയായ തീരുമാനമാണെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. അമേരിക്കൻ ജനതയുടെ സുപ്രധാന ദേശീയ താത്പര്യത്തിന്‍റെ ഭാഗമല്ലാത്ത യുദ്ധത്തിൽ തുടരാൻ ഒരു കാരണവുമില്ലെന്നും ബൈഡൻ പറഞ്ഞു.
'ഞാൻ നിങ്ങൾക്ക് വാക്ക് നൽകുന്നു, ഇത് ശരിയായ തീരുമാനവും ബുദ്ധിപരമായ തീരുമാനവും അമേരിക്കയുടെ ഏറ്റവും മികച്ച തീരുമാനവുമാണെന്ന് ഞാൻ പൂർണ ഹൃദയത്തോടെ വിശ്വസിക്കുന്നു' രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വൈറ്റ് ഹൗസിൽ നിന്നും ബൈഡന്‍ പറഞ്ഞു.
അഫ്‌ഗാന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് അമേരിക്കന്‍ ജനതയ്‌ക്ക് താന്‍ ഉറപ്പ് നില്‍കിയിരുന്നതായും, ഇന്ന് ആ വാക്ക് നിറവേറ്റിയതായും ബൈഡന്‍ പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലേത് വളരെ നേരത്തെ അവസാനിക്കേണ്ടിയിരുന്ന യുദ്ധമായിരുന്നുവെന്ന് വ്യക്തമാക്കിയ ബൈഡന്‍, 20 വർഷത്തെ യുദ്ധത്തിന് ശേഷം, അമേരിക്കയുടെ മറ്റൊരു തലമുറയിലെ പുത്രന്മാരെയും പുത്രിമാരെയും അവിടേക്കയക്കാന്‍ താന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി.