ടെക്‌സസ് (അമേരിക്ക): അമേരിക്കയിലെ ടെക്‌സാസില്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ആയുധധാരി ബന്ദിയാക്കി. റാബി (പുരോഹിതന്‍) ഉള്‍പ്പടെ നാല് പേരെയാണ് ബന്ദിയാക്കിയത്. ഇതില്‍ ഒരാളെ പിന്നീട് വിട്ടയച്ചു. മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 86 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന പാക് വനിത ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നാണ് ആയുധധാരിയുടെ ആവശ്യം. സിനഗോഗ് സ്ഥിതി ചെയ്യുന്ന കോളിവില്‍ എന്ന പ്രദേശത്ത് നിന്ന് 15 മെല്‍ അകലെയാണ് ആഫിയ സിദ്ദിഖി തടവില്‍ കഴിയുന്ന ജയില്‍. സംഭവത്തിന് പിന്നാലെ ആഫിയ സിദ്ദിഖി എന്ന പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ആരാണ് ആഫിയ സിദ്ദിഖി?
അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ പൗര. 2008ൽ അഫ്‌ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയിൽ ചോദ്യം ചെയ്യലിനിടെ യുഎസ് സൈനികരെയും എഫ്ബിഐ ഏജന്‍റുമാരേയും കൊല്ലാൻ ശ്രമിച്ചതിന് 86 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ടെക്‌സാസിലെ ഫോർട്ട് വർത്തിലുള്ള ഫെഡറൽ മെഡിക്കൽ സെന്‍റര്‍ (എഫ്എംസി) ജയിലിലാണ് ആഫിയ. വധശ്രമം, ആക്രമണം എന്നീ കുറ്റങ്ങളാണ് ആഫിയക്കെതിരെ ചുമത്തിയിരിക്കുന്നത്.
1995ല്‍ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് (എംഐടി) ബിരുദാനന്തര ബിരുദവും പിന്നീട് ബോസ്റ്റണിലെ ബ്രാൻഡീസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ന്യൂറോ സയൻസിൽ ഡോക്‌ടറേറ്റും നേടി. 2003ല്‍ പാകിസ്ഥാനിലേക്ക് മടങ്ങി. രാജ്യത്തേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ആഫിയയേയും മൂന്ന് മക്കളെയും പാക് രഹസ്യാന്വേഷണ ഏജൻസികൾ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
2008ൽ ചാവേർ ബോംബ് ആക്രമണം ആസൂത്രണം ചെയ്‌തുവെന്നും രാസായുധങ്ങളും ബോംബുകളും എങ്ങനെ നിർമിക്കാമെന്നതിനെക്കുറിച്ചുള്ള കുറിപ്പുകൾ കൈവശം വച്ചുവെന്നും ആരോപിച്ച് അഫ്‌ഗാന്‍ പൊലീസ് ആഫിയയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ യുഎസ് സൈനികന്‍റെ റൈഫിള്‍ തട്ടിയെടുത്ത ആഫിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ഒരു എഫ്‌ബിഐ ഏജന്‍റിനേയും ഒരു സൈനിക ഉദ്യോഗസ്ഥനേയും പരിക്കേല്‍പ്പിച്ചുവെന്നുമാണ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസിന്‍റെ കണ്ടെത്തല്‍. 2010ൽ 49കാരിയായ ആഫിയ കുറ്റക്കാരിയാണെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തി. തുടര്‍ന്ന് 86 വർഷത്തെ തടവിന് ശിക്ഷിച്ചു.
Also read: കടലിനടിയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ടോംഗോ ദ്വീപിലും യു.എസിലും സുനാമി മുന്നറിയിപ്പ്
2011ൽ അല്‍ഖ്വയ്‌ദ ഭീകരന്‍ ഒസാമ ബിൻ ലാദനെ കണ്ടെത്താൻ സിഐഎ റിക്രൂട്ട് ചെയ്‌ത പാക് ഫിസിഷ്യൻ ഡോ ഷക്കീൽ അഫ്രീദിക്ക് (2012ൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഷക്കീൽ അഫ്രീദി നിലവില്‍ പാകിസ്ഥാനില്‍ 33 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്) പകരം ആഫിയ സിദ്ദിഖിയെ കൈമാറണമെന്ന് പാകിസ്ഥാനും അമേരിക്കയും തമ്മില്‍ ധാരണയുണ്ടായതായി 2018ല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേവര്‍ഷം തന്നെയാണ് പാകിസ്ഥാൻ സെനറ്റ് ആഫിയ സിദ്ദിഖിയെ 'രാഷ്ട്രത്തിന്‍റെ മകൾ' എന്ന് വിളിക്കുന്ന പ്രമേയം ഏകകണ്‌ഠമായി പാസാക്കുന്നത്. 2019 ജൂലൈയിൽ, അന്നത്തെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം, ആഫിയ സിദ്ദിഖിക്ക് പകരം ഷക്കീൽ അഫ്രീദിയെ മോചിപ്പിക്കുന്നതിനുള്ള സാധ്യതയെ കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ആഫിയ സിദ്ദിഖിയുടെ കേസ് ഇപ്പോഴും സർക്കാരിന്‍റെ മുൻഗണന വിഷയമാണെന്ന് അമേരിക്കയിലെ പാകിസ്ഥാൻ എംബസി വക്താവ് മലീഹ ഷാഹിദ് വ്യക്തമാക്കിയിട്ടുണ്ട്.