കേരളം

kerala

ETV Bharat / international

ബൈഡന്‍റെ നേതൃത്വം അമേരിക്കക്ക് എങ്ങനെയാവും? - അമേരിക്ക

പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്ന ജോ ബൈഡന്‍റെ നേതൃത്വം അമേരിക്കക്ക് ഗുണം ചെയ്യുമോ? പ്രധാനമായും ഏതൊക്കെ രംഗങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാം?

What a Biden presidency will be like  Biden  ബൈഡന്‍റെ നേതൃത്വം അമേരിക്കക്ക് എങ്ങനെയാവും?  ജോ ബൈഡന്‍  പ്രസിഡന്‍റ്  അമേരിക്ക  ഡൊണാള്‍ഡ് ട്രംപ്
ബൈഡന്‍റെ നേതൃത്വം അമേരിക്കക്ക് എങ്ങനെയാവും?

By

Published : Jan 20, 2021, 6:14 PM IST

Updated : Jan 20, 2021, 6:46 PM IST

വാഷിംഗ്ടണ്‍: എല്ലാം നിര്‍ത്തിവെച്ച് പിറകോട്ട് പോവാം, പഴയ കാര്യങ്ങള്‍ തിരിച്ചു കൊണ്ടു വന്ന് വിശാലമാക്കാം. കഴിഞ്ഞ 4 വര്‍ഷം പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനു കീഴില്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയെ വളരെ വ്യത്യസ്തമായ ഒരു പാതയിലേക്ക് തിരിച്ചു വിടുക എന്നതാണ് ജോ ബൈഡന്‍ നല്‍കുന്ന വാഗ്ദാനം. കൊറോണ വൈറസ് മുതല്‍ ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി നിരവധി പ്രശ്‌നങ്ങളിന്മേല്‍ പുതിയ പാതയിലൂടെയായിരിക്കും ബൈഡന്‍ അമേരിക്കയെ മുന്നോട്ട് നയിക്കുക.

പാരീസ് കാലാവസ്ഥ കരാറില്‍ നിന്നും യു എസ് പിന്‍വാങ്ങിയതും പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തിയതും അടക്കമുള്ള ട്രംപിന്‍റെ നയങ്ങളില്‍ നിന്ന് പിറകോട്ടുള്ള യാത്രയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്‍ മുന്നോട്ട് വെക്കുന്നത്. ആരോഗ്യ പരിപാലന നിയമം ഇല്ലാതാക്കണമെന്നായിരുന്നു ട്രംപിന്‍റെ ആഗ്രഹമെങ്കില്‍ കൂടുതല്‍ അമേരിക്കക്കാരെ അതില്‍ ഉള്‍പ്പെടുത്തുവാനുള്ള ഒരു പൊതുനിയമം കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ട് “ഒബാമ കെയര്‍'' വിശാലമാക്കുമെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ബൈഡന്‍റെ നേതൃത്വത്തിനു കീഴിലുള്ള ഭരണം എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് നമുക്ക് നോക്കാം.

സമ്പദ് വ്യവസ്ഥ, നികുതികള്‍, കട ബാധ്യതകള്‍

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുന്നതിനുമായി ജനുവരി 14-ന് 1.9 ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള ഒരു പദ്ധതിയാണ് യു എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. അതിനു സമാന്തരമായ പാതയിലൂടെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുവാനുള്ള മറ്റൊരു സഹായവും ഭരണകൂടം നല്‍കും. അതേ സമയം മഹാമാരിയുമായി ബന്ധപ്പെട്ട പൊതു ജനാരോഗ്യ ശ്രമങ്ങള്‍ക്കായിരിക്കും ഇവിടെ മേല്‍ക്കൈ ആവശ്യപ്പെടുന്നത്. അമേരിക്കയെ രക്ഷിക്കാനുള്ള പദ്ധതി'' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി മഹാമാരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തി കൊണ്ട് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നത് അതിവേഗത്തിലാക്കുവാനും, വ്യക്തികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും അതോടോപ്പം തന്നെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സാമ്പത്തിക തിരിച്ചടികള്‍ കൊണ്ട് വലയുന്ന ബിസിനസ് മേഖലക്കും സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. കൊവിഡ്-19 മഹാമാരിയെ പിടിച്ചു കെട്ടിയില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ കഴിയില്ല എന്ന് ബൈഡന്‍ വാദിക്കുന്നു.

ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള തിരിച്ചു വരവിനു വേണ്ടി ഈ മുന്‍ വൈസ് പ്രസിഡന്‍റ് അതിനിശിതമായ ഫെഡറല്‍ നടപടികളാണ് ആവശ്യപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം ഇനിയും നീണ്ടു പോകുന്നത് തടയുവാനും ഏറെ കാലമായി നിലനിന്നു വരുന്ന സാമ്പത്തിക അസമത്വം കൈകാര്യം ചെയ്യുന്നതിനും ഇത് ആവശ്യമാണെന്ന് അദ്ദേഹം വാദിക്കുന്നു. വെള്ളക്കാരല്ലാത്ത അമേരിക്കക്കാരെ ഏറെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് സാമ്പത്തിക അസമത്വം.

പരിസ്ഥിതി, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിങ്ങനെയുള്ള വന്‍ കിട പദ്ധതികള്‍ക്ക് വേണ്ടിയുള്ള അല്‍പ്പം ചെലവുകള്‍ അദ്ദേഹം കണ്ടെത്താന്‍ പോകുന്നത് 2017-ലെ ജി ഒ പി നികുതി ഭേദഗതികള്‍ പലതും പിന്‍ വലിച്ചു കൊണ്ടായിരിക്കും. 28 ശതമാനം എന്ന കോര്‍പ്പറേറ്റ് ആദായ നികുതി നിരക്ക് ആണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. മുന്‍ കാലങ്ങളേക്കാള്‍ കുറവാണ് ഇതെങ്കിലും നിലവിലുള്ളതിനേക്കാള്‍ കൂടുതലാണ്. അതേ സമയം തന്നെ പ്രതി വര്‍ഷം 4 ലക്ഷം അമേരിക്കന്‍ ഡോളര്‍ നികുതി നല്‍കേണ്ട വരുമാനം ലഭിക്കുന്ന വ്യക്തികള്‍ക്ക് വിശാലമായ തരത്തിലുള്ള ആദായ, ശമ്പള നികുതി വര്‍ധനയും അദ്ദേഹം ലക്ഷ്യമിടുന്നു. അടുത്ത 10 വര്‍ഷം കൊണ്ട് ഏതാണ്ട് 4 ട്രില്ല്യണോ അതിലധികമോ ഡോളര്‍ വരുമാനം ഇതിലൂടെ നേടിയെടുക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുടിയേറ്റത്തെ ഒരു സാമ്പത്തിക വിഷയമായാണ് ബൈഡന്‍ മുന്നോട്ട് വെക്കുന്നത്. രാജ്യത്ത് അനധികൃതമായി താമസിച്ചു വരുന്ന 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വത്തിന്‍റെ പാതയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു . ഇങ്ങനെ അനധികൃതമായി താമസിച്ചു വരുന്നവരാണെങ്കിലും തൊഴിലെടുക്കുന്നവരും ഉപഭോക്താക്കളും എന്ന നിലയില്‍ അവര്‍ സാമ്പത്തിക സംഭാവനകള്‍ നല്‍കുന്നവരാണെന്ന് ബൈഡന്‍ ചൂണ്ടി കാട്ടുന്നു.

ഫെഡറല്‍ ബജറ്റിനു വേണ്ടിയുള്ള ഒരു കമ്മിറ്റി നടത്തിയ വിശകലനത്തില്‍ നിന്നും ബൈഡന്‍റെ പ്രചാരണ വേളയിലെ നിര്‍ദ്ദേശങ്ങള്‍ ദേശീയ കടബാധ്യത അടുത്ത 10 വര്‍ഷത്തില്‍ 5.6 ട്രില്ല്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ട് എന്ന് പറയുന്നു. നിലവിലുള്ള ദേശീയ കടബാധ്യത 20 ട്രില്ല്യണ്‍ ഡോളറിന് മുകളിലാണ്.

കൊവിഡ് എന്ന മഹാമാരി

മഹാമാരിയുമായി ബന്ധപ്പെട്ട് ട്രംപില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ചില ആശയങ്ങളാണ് ബൈഡന്‍ മുന്നോട്ട് വെക്കുന്നത്. ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടത് പ്രസിഡന്‍റും ഫെഡറല്‍ സര്‍ക്കാരുമാണെന്ന് അദ്ദേഹം വാദിക്കുന്നു. ട്രംപില്‍ നിന്ന് വ്യത്യസ്തമായി വൈറസിനെതിരെയുള്ള പ്രതികരണങ്ങളില്‍ നേതൃത്വം വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. ഫെഡറല്‍ സര്‍ക്കാര്‍ പിന്തുണ മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു ട്രംപിന്റെ വാദം. സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളോടൊപ്പം ബിസിനസുകാരേയും വ്യക്തികളേയും സഹായിക്കുന്നതിനും മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്നും ഉടലെടുത്ത സാമ്പത്തിക ബാധ്യതകളില്‍ നിന്നും അവരെ കരകയറ്റുവാനും ഉദാരമായ ഫെഡറല്‍ ചെലവിടല്‍ വേണമെന്നാണ് ബൈഡന്‍റെ വാദം. പ്രതിരോധ ഉല്‍പ്പാദന നിയമം വളരെ ഊര്‍ജ്ജസ്വലമാം വിധം ഉപയോഗിക്കപ്പെടും എന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

സര്‍ക്കാരിന്‍റെ ശാസ്ത്രജ്ഞരേയും ഫിസിഷ്യന്മാരേയും പൊതു ജനങ്ങള്‍ക്ക് നിരന്തരമായ സന്ദേശങ്ങള്‍ നല്‍കുന്ന ആളുകളാക്കി ഉയര്‍ത്തും എന്ന് ബൈഡന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരുമെന്നും അദ്ദേഹം പറയുന്നു.

ആരോഗ്യ പരിപാലനം

“ഒബാമ കെയര്‍'' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആരോഗ്യ പരിപാലന പദ്ധതിയായിരുന്നു ഒബാമ ഭരണകൂടത്തിന്‍റെ മുഖമുദ്ര. എല്ലാവര്‍ക്കും ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിനു വേണ്ടി നിലവിലുള്ള പദ്ധതി വിപുലീകരിക്കാനാണ് ബൈഡന്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന വ്യവസ്ഥ സ്വകാര്യ ഇന്‍ഷൂറന്‍സിന് പകരമായി മാറണമെന്ന പുരോഗമനാത്മക ചിന്തയാണ് ബൈഡന് ഉള്ളത്. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന അടുത്ത ചുവടിലേക്കുള്ള സമീപനമായാണ് ബൈഡന്‍ ഇതിനെ കാണുന്നത്. കോണ്‍ഗ്രസ്സില്‍ നിന്നും അതിന് അദ്ദേഹം അനുമതി നേടിയെടുക്കേണ്ടതുണ്ട്. പ്രസിഡന്‍റ് എന്ന നിലയില്‍ ആത്യന്തികമായി ഈ തീരുമാനത്തില്‍ നിന്നുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ തരണം ചെയ്യേണ്ടതായി വരും ബൈഡന്.

മെഡികെയറില്‍ പേരു ചേര്‍ത്തിട്ടുള്ളവര്‍ക്ക് പ്രതിവർഷം സ്വന്തം ചെലവിൽ വാങ്ങുന്ന മരുന്നുകളുടെ പ്രാഥമിക ചെലവിന്മേല്‍ ഒരു പരിധി കൊണ്ടു വന്നേക്കും ബൈഡന്‍.

കുടിയേറ്റം

കുടിയേറ്റം സംബന്ധിച്ച് ട്രംപ് എടുത്ത നടപടികള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് മേലുള്ള “അനുകമ്പയില്ലാത്ത ആക്രമണമായിരുന്നു'' എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. മാത്രമല്ല, അതുണ്ടാക്കിയ ക്ഷതങ്ങള്‍ താന്‍ നികത്തുമെന്നും അതോടൊപ്പം തന്നെ അതിര്‍ത്തികളിലെ സുരക്ഷ നിലനിര്‍ത്തുമെന്നും അദ്ദേഹം പറയുന്നു. യുഎസിലേക്ക് നിയമ വിരുദ്ധമായി കൊണ്ടു വന്ന കുട്ടികളെ നിയമ വിധേയരായ താമസക്കാരാക്കി മാറ്റുവാന്‍ അനുവദിക്കുന്ന ചൈല്‍ഡ് ഹുഡ് അറൈവല്‍സ് പ്രോഗാം അല്ലെങ്കില്‍ ഡി എ സി എ എന്ന പരിപാടിയുടെ പൂര്‍ത്തീകരണത്തിനായുള്ള നടപടികള്‍ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടു വരുമെന്നും ബൈഡന്‍ പറയുന്നു.

മെഡിക് എയ്ഡ്, ഫുഡ് സ്റ്റാമ്പുകള്‍ അല്ലെങ്കില്‍ ഹൗസിങ്ങ് വൗച്ചറുകള്‍ എന്നിങ്ങനെയുള്ള പൊതുജന സേവനങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് വിസയോ അല്ലെങ്കില്‍ സ്ഥിര താമസ അനുമതിയോ നിഷേധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ “പബ്ലിക് ചാര്‍ജ്ജ് റൂള്‍'' അവസാനിപ്പിക്കുമെന്നും ബൈഡന്‍ പറയുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റി അയക്കുന്ന എല്ലാ നടപടികളും 100 ദിവസത്തേക്ക് മരവിപ്പിക്കുന്നതിനെ ബൈഡന്‍ പിന്തുണക്കുന്നു. അതോടൊപ്പം തന്നെ ട്രംപിന്റെ നയങ്ങളെല്ലാം പിന്‍ വലിക്കുന്നതിനു വേണ്ടിയുള്ള വഴികള്‍ കണ്ടെത്തുവാന്‍ അദ്ദേഹത്തിന്റെ ഭരണകൂടം പഠനങ്ങള്‍ നടത്തുകയും ചെയ്യും. എന്നാല്‍ ആത്യന്തികമായി ഒബാമ യുഗത്തിലെ നയം പുനസ്ഥാപിക്കുന്നതിലേക്കായിരിക്കും ബൈഡന്‍ എത്തി ചേരുക. രാജ്യത്ത് നിയമ വിരുദ്ധമായി എത്തി ചേരുന്ന എല്ലാ കുടിയേറ്റക്കാരേയും തിരിച്ചയക്കുക എന്നുള്ള ട്രംപിന്‍റെ സമീപനത്തിന് നേരെ വിരുദ്ധമായ രീതിയില്‍ നിയമ വിരുദ്ധമായി അമേരിക്കയില്‍ എത്തുകയും അതിനു ശേഷം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ശിക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ ദേശ സുരക്ഷക്ക് ഭീഷണിയായി തീരുകയോ ചെയ്യുന്നവരെ പ്രത്യേകം പരിഗണിച്ച് തിരിച്ചയക്കുന്ന ഒരു രീതിയായിരുന്നു ഒബാമ ഭരണകൂടം സ്വീകരിച്ചിരുന്നത്.

വിദേശ നയവും ദേശീയ സുരക്ഷയും

വിദേശത്ത് യു എസ് പ്രത്യേക സേനയുമായി ഏറ്റുമുട്ടുന്ന തീവ്രവാദി ഭീകരരോട് പോരാടുന്നതിനു വേണ്ടിയുള്ള ഒരു തന്ത്രത്തെ ബൈഡന്‍ പിന്തുണയ്ക്കുന്നു . അമേരിക്കന്‍ ഭടന്മാരെ കൂട്ടത്തോടെ അത്തരം ഇടങ്ങളില്‍ വിമാനത്തില്‍ കൊണ്ടു വന്നിറക്കി പോരാടുന്നതിനു പകരം വ്യോമാക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഗ്വാണ്ടനാമോ ദ്വീപിലെ തടവു കേന്ദ്രം അമേരിക്ക അടച്ചു പൂട്ടണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. 2003-ല്‍ നടത്തിയ ഇറാഖ് അധിനിവേശം അടക്കമുള്ള യു എസ് സൈനിക ഇടപെടലുകളില്‍ ചിലതിനെ അദ്ദേഹം പിന്തുണച്ചിരുന്നു. എന്നാല്‍ അതെല്ലാം തെറ്റായി പോയി എന്ന് ഇപ്പോള്‍ അദ്ദേഹം പറയുന്നു. പകരം അദ്ദേഹം നയതന്ത്രത്തോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. സഖ്യങ്ങളിലൂടേയും ആഗോള സ്ഥാപനങ്ങളിലൂടേയും പരിഹാരങ്ങള്‍ കാണുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഏഷ്യാ പെസഫിക്കില്‍ നാവിക സേനയുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കണമെന്നും ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള സഖ്യം ശക്തിപ്പെടുത്തണമെന്നും ബൈഡന്‍ ആഹ്വാനം ചെയ്യുന്നു. ഇറാന്‍ ആണവ കരാറും പാരീസ് കാലാവസ്ഥാ കരാറും പോലുള്ള ഉഭയകക്ഷി, അന്താരാഷ്ട്ര കരാറുകളില്‍ നിന്നും പിന്‍ വാങ്ങുവാനുള്ള ട്രംപിന്റെ തീരുമാനം അമേരിക്കയുടെ വാക്കുകളെ അവിശ്വസിക്കുന്നതിലേക്ക് മറ്റ് രാജ്യങ്ങളെ നയിച്ചിരിക്കുന്നു എന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കെതിരെ എങ്ങനെ പോരാടാമെന്നും ഏകാധിപത്യത്തെ എങ്ങനെ തുടച്ചുനീക്കാമെന്നും മനുഷ്യാവകാശങ്ങളെ എങ്ങനെ പിന്തുണയ്ക്കാമെന്നും ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളേയും ഒരു ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കണമെന്ന് ബൈഡന്‍ ആഗ്രഹിക്കുന്നു.

പരിസ്ഥിതി

ആഗോള താപനം പതുക്കെയാക്കുന്നതിന് രണ്ട് ട്രില്ല്യണ്‍ ഡോളറിന്‍റെ ഉത്തേജക പദ്ധതിയാണ് ബൈഡന്‍ മുന്നോട്ട് വെക്കുന്നത്. ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നത് തടഞ്ഞ് കൊണ്ടും രാഷ്ട്രത്തിന്റെ ഊര്‍ജ്ജ പ്ലാന്റുകളും വാഹനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളും കെട്ടിടങ്ങളുമൊക്കെ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാക്കിയും എണ്ണ, വാതകം, കല്‍ക്കരി എന്നിവയെ കുറച്ചു മാത്രം ആശ്രയിക്കുന്നതാക്കി മാറ്റിയും ആഗോള താപനത്തെ കുറച്ചു കൊണ്ടു വരുവാനാണ് ഉദ്ദേശിക്കുന്നത്.

മലിനീകരണം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ പതുക്കെയാക്കുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നയങ്ങളുടെ പിന്‍ മാറ്റമാണ് ബൈഡന്റെ പൊതു ജനാരോഗ്യ, പരിസ്ഥിതി പ്ലാറ്റ്‌ഫോമുകള്‍ ആഹ്വാനം ചെയ്യുന്നത്. കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് താഴ്ന്നിരുന്നു മലിനീകരണം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികള്‍. നീതി ന്യായ വകുപ്പിനു കീഴില്‍ ഒരു കാലാവസ്ഥാ, പരിസ്ഥിതി നീതി വിഭാഗവും സ്ഥാപിക്കുക എന്നതും ബൈഡന്‍റെ നടപടികളില്‍ ഉള്‍പ്പെടുന്നു. പാരീസ് കാലാവസ്ഥാ കരാറില്‍ നിന്നും പിന്‍ വാങ്ങുവാനുള്ള ട്രംപിന്‍റെ തീരുമാനം റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം

ബൈഡനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം ഒരു കുടുംബ കാര്യമാണ്. അദ്ദേഹത്തിന്‍റെ ഭാര്യ ജില്‍ ഹൈസ്‌കൂളിലും കമ്മ്യൂണിറ്റി കോളേജിലും പഠിപ്പിച്ചിട്ടുണ്ട്. 2020-ല്‍ തന്റെ പഴയ ക്ലാസ് മുറിയിലാണ് ഡമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലെ തന്‍റെ പ്രസംഗം നടത്തിയത്. സ്വകാര്യ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടി പൊതു ജനങ്ങളുടെ പണം ചെലവഴിക്കുന്ന വൗച്ചര്‍ പ്രോഗ്രാമുകളെ അദ്ദേഹം എതിര്‍ക്കുന്നു.

ട്രംപ് ഭരണകൂടം വേണ്ടെന്ന് വച്ച ഒബാമ യുഗത്തിലെ നയങ്ങള്‍ പുനസ്ഥാപിക്കുമെന്നും അദ്ദേഹം പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ക്യാമ്പസ്സുകളിലെ ലൈംഗിക ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള നിയമങ്ങള്‍, ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന കൊളജുകള്‍ക്ക് ഫെഡറല്‍ പണം നല്‍കുന്നത് നിര്‍ത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നയം എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

ഗര്‍ഭഛിദ്രം

ഗര്‍ഭഛിദ്ര അവകാശങ്ങളെ ബൈഡന്‍ പിന്തുണയ്ക്കുന്നു. ട്രംപിന്റെ കുടുംബാസൂത്രണ നിയമങ്ങള്‍ റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സാമൂഹിക സുരക്ഷ

ആനുകൂല്യങ്ങള്‍ വിശാലമാക്കുകയും ഉയര്‍ന്ന വരുമാനമുള്ള ആളുകള്‍ക്കുള്ള നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നതും കുറച്ച് വര്‍ഷം കടം വീട്ടാനുള്ള കിഴിവ് നല്‍കുന്നതുമായ ഒരു സാമൂഹിക സുരക്ഷാ പദ്ധതി ബൈഡന്‍ മുന്നോട്ട് വെക്കുന്നുണ്ട്. പ്രതിവര്‍ഷം 4 ലക്ഷം ഡോളറിനു മുകളില്‍ വരുമാനമുള്ളവരുടെ ശമ്പളത്തിനു മേൽ നികുതി ഏര്‍പ്പെടുത്തി കൊണ്ട് ഒരു സാമൂഹിക സുരക്ഷാ നികുതി വരുമാനം ഉയര്‍ത്തി കൊണ്ടു വരുമെന്ന് ബൈഡന്‍ പറയുന്നു.

തോക്കുകള്‍

ഒരു മാസം ഒരു വ്യക്തിക്ക് വാങ്ങാവുന്ന വെടിയുതിര്‍ക്കുന്ന ആയുധങ്ങളുടെ എണ്ണം ഒന്നാക്കി പരിമിതപ്പെടുത്തുന്ന നിയമ നിര്‍മ്മാണത്തേയും ബൈഡന്‍ പിന്തുണയ്ക്കുന്നു. എല്ലാ തരത്തിലുമുള്ള തോക്ക് വില്‍പ്പനകളിലും പശ്ചാത്തല പരിശോധനകള്‍ നിര്‍ബന്ധമാക്കുന്ന നിയമമാണിത്. കുടുംബാംഗങ്ങള്‍ക്കിടയിലുള്ള സമ്മാനം നല്‍കല്‍ ഒഴിച്ചുള്ള മറ്റെല്ലാ തോക്ക് വില്‍പ്പനകളിലും ഈ നിയമം ബാധകമാണ്. ഓണ്‍ലൈനിലൂടെ തോക്കുകളും വെടിക്കോപ്പുകളും കിറ്റുകളും തോക്കുകളുടെ ഭാഗങ്ങളുമൊക്കെ വില്‍ക്കുന്നത് നിരോധിക്കുന്ന നിയമ നിര്‍മ്മാണത്തേയും ബൈഡന്‍ പിന്തുണയ്ക്കുന്നു.

വ്യാപാരം

ട്രംപിനെ പോലെ ബൈഡനും അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ ചൈന ലംഘിക്കുന്നതായി ആരോപിക്കുന്നു. ചൈനക്കെതിരെ അതിശക്തമായി തിരിച്ചടിക്കുന്നതിനായി യു എസ്സിന്റെ സഖ്യകക്ഷികളുമായി വീണ്ടും കൈകോര്‍ക്കണമെന്നും ബൈഡന്‍ ആഗ്രഹിക്കുന്നു.

Last Updated : Jan 20, 2021, 6:46 PM IST

ABOUT THE AUTHOR

...view details