ബ്രസല്‍സ്: അഫ്‌ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അമേരിക്ക. മേഖലയില്‍ ഏഴു ദിവസത്തേക്ക് ആക്രമണങ്ങള്‍ നടത്തരുതെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള കരാര്‍ താലിബാനുമായി ഒപ്പിടാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പര്‍ അറിയിച്ചു. ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം രാഷ്‌ട്രീയ നീക്കങ്ങളിലൂടെ മാത്രമേ അഫ്‌ഗാന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നും മാര്‍ക്ക് എസ്‌പര്‍ പറഞ്ഞു.
താലിബാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്ക
മേഖലയില്‍ ഏഴു ദിവസത്തേക്ക് ആക്രമണങ്ങള്‍ നടത്തരുതെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള കരാര്‍ താലിബാനുമായി ഒപ്പിടാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പര്‍ അറിയിച്ചു.
അമേരിക്കന്‍ നടപടിക്ക് പിന്തുണ അറിയിക്കുന്നതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെൻബെര്‍ഗ് പ്രതികരിച്ചു. അഫ്‌ഗാന്‍ മേഖലയിലെ താലിബാന്‍ തീവ്രവാദ സംഘങ്ങളുടെ ആക്രമണങ്ങൾ പ്രതിരോധിക്കേണ്ടത് ആഗോള സുരക്ഷയുടെ ഭാഗമാണെന്നും, ഇതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നാറ്റോ ഒപ്പമുണ്ടാകുമെന്നും ജെന്‍സ് സ്‌റ്റോള്‍ടെൻബെര്‍ഗ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ച അഫ്‌ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഖാനി താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രസ്താവന.