ബാൾട്ടിമോർ (യുഎസ്): ലോകത്ത് ആദ്യമായി ജനതികമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു. അമേരിക്കന്‍ പൗരന്‍ ഡേവിഡ് ബെന്നറ്റാണ് (57) അന്തരിച്ചത്. ചൊവ്വാഴ്‌ച ശസ്‌ത്രക്രിയ നടന്ന മെരിലാൻഡ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററില്‍ വച്ചായിരുന്നു മരണം.
വൈദ്യശാസ്‌ത്ര രംഗത്ത് ഏറെ പ്രതീക്ഷ നല്‍കിയ ശസ്‌ത്രക്രിയ നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ബെന്നറ്റിന്‍റെ വിയോഗം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബെന്നറ്റിന്‍റെ ആരോഗ്യനില വഷളായിരുന്നു. മരണത്തിന്‍റെ കൃത്യമായ കാരണം ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തിയില്ല. ശസ്‌ത്രക്രിയ വിജയകരമാകുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ഡോക്‌ടര്‍മാര്‍ ബെന്നറ്റിനെ അറിയിച്ചിരുന്നതായി മകന്‍ പറഞ്ഞു.
ജനുവരി 7ന് ഏഴ് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയ്ക്ക് ശേഷം ബെന്നറ്റ് പതുക്കെ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം, ചികിത്സയില്‍ തുടരവേ സൂപ്പർ ബൗൾ കാണുന്ന ബെന്നറ്റിന്‍റെ വീഡിയോ ആശുപത്രി പുറത്തുവിട്ടിരുന്നു. അവയവമാറ്റ ശസ്‌ത്രക്രിയയില്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നു. മനുഷ്യാവയവ ക്ഷാമം നിലനില്‍ക്കുമ്പോള്‍ മൃഗങ്ങളുടേത് ഉപയോഗപ്രദമാണെങ്കില്‍ വലിയ മുന്നേറ്റമാകുമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യശരീരം മൃഗങ്ങളുടെ ഹൃദയത്തോട് താദാത്മ്യം പ്രാപിക്കില്ല എന്നുള്ളതായിരുന്നു പ്രധാന വെല്ലുവിളി. എന്നാല്‍ ഈ വെല്ലുവിളി മറികടക്കാനായി പന്നിയെ ജനിതക മാറ്റത്തിന് വിധേയമാക്കിയിരുന്നു. മറ്റൊരു മനുഷ്യ ഹൃദയം സ്വീകരിക്കാനുള്ള ആരോഗ്യ സ്ഥിതി ബെന്നറ്റിന് ഇല്ലാത്തതുകൊണ്ടാണ് അവസാന ശ്രമം എന്നനിലയില്‍ പന്നിയുടേത് വച്ചുപിടിപ്പിച്ചത്. ബെന്നറ്റിന്‍റെ ശരീരം പന്നിയുടെ ഹൃദയത്തോട് എങ്ങനെ പ്രതികരിച്ചുവെന്ന് മെരിലാൻഡ് സംഘം കൃത്യമായി ഒരു മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യശാസ്‌ത്ര ലോകം.
Also read: റഷ്യ യുക്രൈനില്‍ രാസായുധം പ്രയോഗിച്ചേക്കാം; മുന്നറിയിപ്പുമായി അമേരിക്ക