വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ വർഷം അവസാനം വൈറ്റ് ഹൗസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് അജ്ഞാത അസുഖം ബാധിച്ചതിൽ അന്വേഷണം ശക്തമാക്കി അമേരിക്ക. നിയമനിർമാണ സഭയിൽ നിന്നും രോഗത്തിന് ഇരയായവരിൽ നിന്നും സമ്മർദം ശക്തമായതിനെ തുടർന്ന് അജ്ഞാത രോഗവും കാരണവും കണ്ടെത്താൻ ബൈഡൻ ഭരണകൂടം പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ദേശീയ ഇന്‍റലിജൻസ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. 2020 നവംബറിൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് അടുത്ത ദിവസമാണ് ദേശീയ സുരക്ഷാ സമിതിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് അജ്ഞാതരോഗം കണ്ടെത്തിയത്. സിഎൻഎൻ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ലോകമെമ്പാടുമുള്ള നൂറിലധികം യുഎസ് നയതന്ത്രജ്ഞരെയും ചാരന്മാരെയും സൈനികരെയും "ഹവാന സിൻഡ്രോം" എന്നറിയപ്പെടുന്ന ഈ രോഗം ഇതിനോടകം ബാധിച്ചതായി ആരോപിക്കപ്പെടുന്നുണ്ട്.
നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം, 2020 ലെ തെരഞ്ഞെടുപ്പിന് ശേഷം രോഗം സ്ഥിരീകരിച്ച എൻഎസ്‌സി ഉദ്യോഗസ്ഥന് സ്റ്റാഫ് ഗേറ്റിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ദേഹാസ്വാത്ഥ്യം അനുഭവപ്പെടുന്നത്. തലവേദന, ഉറക്കമില്ലായ്മ എന്നിവയടക്കം ആ വ്യക്തിക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ഉദ്യോഗസ്ഥൻ ആഴ്ചകൾക്ക് ശേഷം വൈറ്റ് ഹൗസ് മൈതാനത്തിലേക്കുള്ള പ്രവേശന കവാടത്തിനടുത്ത് വെച്ചാണ് ദേഹാസ്വാത്ഥ്യം അനുഭവപ്പെടുന്നത്. എന്നാൽ ഇയാൾക്ക് കൂടുതൽ ഗുരുതരമായ ലക്ഷണങ്ങളുണ്ടായിരുന്നു. തുടർന്ന് അടിയന്തര വൈദ്യചികിത്സ തേടിയിരുന്നു.