അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്‍ജെൻ നീൽസെൻ രാജി വച്ചു - കിർസ്റ്റ്‍ജെൻ നീൽസെൻ
കുടിയേറ്റം, മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം എന്നിവ സംബന്ധിച്ച് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂയോര്‍ക്ക്: അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്‍ജെൻ നീൽസെൻ രാജി വച്ചു. നീൽസെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീല്‍സെന്‍റെ സേവനത്തിന് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്ത ട്രംപ് കസ്റ്റംസ് ആന്‍റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണറായ കെവിന്‍ മഗ്അലീനന് താല്‍ക്കാലിക ചുമതല നല്‍കിയതായും അറിയിച്ചു. മെക്സിക്കന്‍ വിഷയത്തിലെ ട്രംപിന്‍റെ കടുംപിടുത്തമാണ് നീല്‍സെന്‍റെ പെട്ടന്നുള്ള രാജിക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ദിവസം മെക്സിക്കൻ അതിർത്തി സന്ദർശിച്ച ട്രംപ് കുടിയേറ്റ വിഷയത്തിൽ നിലപാട് കർശനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വ്യാപാരത്തേക്കാൾ സുരക്ഷയാണ് തനിക്ക് പ്രധാനമെന്നും വേണ്ടിവന്നാൽ മെക്സിക്കോയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്നുമാണ് ട്രംപിന്‍റെ നിലപാട്. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലങ്കിൽ മെക‌്സിക്കൻ അതിർത്തി പൂർണമായും അടക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.