വാഷിംഗ്‌ടണ്‍: കൊവിഡ് വൈറസ് ചോർന്നത് വുഹാനിലെ ലാബിൽ നിന്നാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. സർക്കാരിന് കീഴിലുള്ള കാലിഫോർണിയയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി 2020 മെയ് 27ന് തയ്യാറാക്കിയ പഠനത്തിലാണ് ഇതേപ്പറ്റിയുള്ള പരാമർശം. കഴിഞ്ഞ തിങ്കളാഴ്‌ച വാൾ സ്ട്രീറ്റ് ജേണൽ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്‌തത്.
വുഹാനിലെ ഒരു ചൈനീസ് ലാബിൽ നിന്നാണ് കൊവിഡ് വൈറസ് ചോർന്നതെന്ന വാദം വിശ്വസനീയമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നുമാണ് പഠനത്തിൽ പറയുന്നത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായിരുന്ന സമയത്ത് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വഷിക്കുന്നതിന് ഈ റിപ്പോർട്ട് ഉപയോഗിച്ചിരുന്നെന്നും വാൾ സ്ട്രീറ്റ് റിപ്പോർട്ട് ചെയ്തു.
കൊവിഡിന് കാരണമാകുന്ന (SARS-COV-2) വൈറസിന്‍റെ ജീനോമിക് വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ലോറൻസ് ലിവർമോറിന്‍റെ പഠനം. എന്നാൽ ലബോറട്ടറി പഠനത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ഉണ്ടായ അപകടത്തിൽ നിന്നാകാം വൈറസ് പുറത്തെത്തിയതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നിഗമനം.
ഇതിനെ സാധൂകരിക്കുന്ന നിരവധി സാഹചര്യങ്ങൾ ഡിപ്പാർട്ട്മെന്‍റ് ചൂണ്ടിക്കാട്ടിയിരുന്നു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ നിരവധി ഗവേഷകർ 2019ൽ കൊവിഡ് ലക്ഷണങ്ങളോടെ രോഗബാധിതരായതെന്ന് യുഎസ് പറയുന്നു. ലാബ് അപകട സിദ്ധാന്തം പരിശോധിക്കാൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ മാസം രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം നൽകിയിരുന്നു.
90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ബൈഡൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വൈറസ് വുഹാനിലെ ലാബിൽ നിന്നാണ് പടർന്നത് എന്നത് ഉൾപ്പടെ എല്ലാ വാദങ്ങളും ചൈന തള്ളിയിരുന്നു.