വാഷിങ്‌ടൺ: കാബൂൾ വിമാനത്താവളത്തിന് സമീപത്തും ബാരൺ ഹോട്ടലിലുമുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ 7,500 പേരെ കൂടി വ്യാഴാഴ്‌ച അഫ്‌ഗാനിൽ നിന്നും ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 14 യുഎസ് സൈനിക വിമാനങ്ങളിലായി 5,100 പേരെയും 39 സഖ്യ വിമാനങ്ങളിലായി 2,400 പേരെയുമാണ് എത്തിച്ചത്. ആഗസ്റ്റ് 14 മുതൽ ഏകദേശം 100,100 പേരെ ഒഴിപ്പിക്കാൻ സഹായിച്ചുവെന്നും യുഎസ് അവകാശപ്പെടുന്നു.
വ്യാഴാഴ്‌ച നടന്ന ചാവേറാക്രമണത്തിൽ 13 യുഎസ് സൈനികരും 60 അഫ്‌ഗാൻ പൗരന്മാരും കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആദ്യ ആക്രമണം വിമാനത്താവളത്തിന്‍റെ പ്രധാന കവാടമായ ആബെ ഗേറ്റിന് മുന്നിലും രണ്ടാമത്തേത് ബാരൺ ഹോട്ടലിന് മുന്നിലുമായിരുന്നു. ആക്രമണത്തിൽ ഇരയായവർക്കുള്ള ആദരസൂചകമായി ഓഗസ്റ്റ് 30ന് വൈകുന്നേരം വരെ യുഎസ് പതാക താഴ്‌ത്തി കെട്ടുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ സാകി അറിയിച്ചു.