ന്യൂയോര്‍ക്ക്: യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങള്‍. അപൂര്‍വമായി മാത്രം നടക്കുന്ന യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗത്തിലാണ് യുക്രൈനിലെ ആക്രമണം അവസാനിപ്പിക്കാന്‍ റഷ്യയോട് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. സമ്മേളനം ഇന്നും തുടരും.
റഷ്യയും യുക്രൈനും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ റഷ്യ ആക്രമണം നടത്തുന്നതിന്‍റെ തെളിവുകളുണ്ട്. മേഖലയില്‍ എത്രയും വേഗം സമാധാനം പുലരണമെന്നും യുഎന്‍ ആഹ്വാനം ചെയ്‌തു.
യുക്രൈന്‍ അതിജീവിച്ചില്ലെങ്കില്‍ അന്താരാഷ്‌ട്ര സമാധാനം നിലനിൽക്കില്ലെന്ന്, യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കാൻ രാജ്യങ്ങളോട് അഭ്യർഥിച്ചുകൊണ്ട് യുഎന്നിലെ യുക്രൈന്‍ അംബാസഡർ സെർജി കിസ്ലിത്സ്യ പറഞ്ഞു. 'മിഥ്യാധാരണകളൊന്നും വേണ്ട. യുക്രൈന്‍ അതിജീവിച്ചില്ലെങ്കിൽ, അടുത്ത തവണ ജനാധിപത്യം പരാജയപ്പെടുമ്പോഴും അതിശയിക്കാനില്ല' - യുക്രൈന്‍ പ്രതിനിധി പറഞ്ഞു.
Also read: യുക്രൈൻ - റഷ്യ ആദ്യ ഘട്ട ചർച്ച അവസാനിച്ചു; രണ്ടാംഘട്ടം വരും ദിവസങ്ങളില്‍
റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച, കിഴക്കന്‍ യുക്രൈനിലെ വിമത പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാണ് സൈനിക നടപടി ആരംഭിച്ചതെന്ന വാദം റഷ്യ വീണ്ടും ആവര്‍ത്തിച്ചു. 'യുക്രൈന്‍ സ്വന്തം നാട്ടുകാര്‍ക്കെതിരെയാണ് ശത്രുത അഴിച്ചുവിട്ടത്. റഷ്യ ഈ യുദ്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്' - റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ പറഞ്ഞു.
ഡൊണെറ്റ്‌സ്‌കിനും ലുഹാന്‍സ്‌കിനും നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രത്യേക സൈനിക നടപടി തെറ്റായി ചിത്രീകരിക്കപ്പെടുകയാണ്. റഷ്യൻ നടപടികൾ വളച്ചൊടിക്കുകയാണെന്നും നെബെൻസിയ വാദിച്ചു.
റഷ്യ യുക്രൈനെതിരായ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും സൈന്യത്തെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയമാണ് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിക്കുന്നത്. റഷ്യയുടെ ആക്രമണത്തെയും ബെലാറുസിന്‍റെ ഇടപെടലിനെയും പ്രമേയം അപലപിക്കുന്നുവെന്നും അന്താരാഷ്‌ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു.
1997ന് ശേഷം ഇതാദ്യമായാണ് യുഎന്‍ പൊതുസഭ അടിയന്തര സമ്മേളനം ചേരുന്നത്. എല്ലാ അംഗ രാജ്യങ്ങള്‍ക്കും സംസാരിക്കാൻ പൊതുസഭ അവസരം നൽകും. ബുധനാഴ്‌ച പ്രമേയത്തില്‍ വോട്ടെടുപ്പ് ഉണ്ടാകാനാണ് സാധ്യത. സിറിയ, ചൈന, ക്യൂബ, ഇന്ത്യ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങൾ ഒന്നുകിൽ റഷ്യയെ പിന്തുണയ്ക്കുകയോ വിട്ടുനിൽക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പ്രമേയത്തെ അനുകൂലിച്ച് 100 ലധികം വോട്ടുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
നേരത്തെ പൊതുസഭയുടെ അടിയന്തരയോഗം വേണമെന്നുള്ള പ്രമേയത്തില്‍ രക്ഷാസമിതിയിലെ 15 രാജ്യങ്ങളില്‍ 11 എണ്ണം അനുകൂലമായി വോട്ട് ചെയ്‌തപ്പോള്‍ റഷ്യ എതിര്‍ത്ത് വോട്ട് ചെയ്‌തു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎന്‍ പ്രക്രിയകളുമായി ബന്ധപ്പെട്ട പ്രമേയമായതിനാല്‍ രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങള്‍ക്ക് വീറ്റോ അധികാരമില്ല.