ന്യൂയോര്‍ക്ക്: മ്യാൻമാര്‍ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സ്യൂചി, പ്രസിഡന്‍റ് യു വിൻ മൈന്‍റ് എന്നിവരടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. ഇത് രാജ്യത്തെ ജനാധിപത്യ പരിഷ്കാരങ്ങൾക്കേറ്റ കനത്ത പ്രഹരമാണെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. രാജ്യത്തെ എല്ലാ അധികാരങ്ങളും സൈന്യത്തിന് കൈമാറുന്നതില്‍ ഗുട്ടെറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി.
മ്യാൻമാറിന്‍റെ പുതിയ പാർലമെന്‍റിന്‍റെ ഉദ്ഘാടന സമ്മേളനത്തിന്‍റെ തലേ ദിവസമായ തിങ്കളാഴ്‌ചയാണ് പ്രമുഖര്‍ സൈന്യത്തിന്‍റെ തടവിലായത്. ഒരു വര്‍ഷത്തേക്ക് സൈന്യം രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായാണ് മ്യാൻമാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മ്യാൻമാറിലെ ജനങ്ങളുടെ ഇച്ഛയെ മാനിക്കണമെന്നും ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രശ്നങ്ങള്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ സൈനിക നേതൃത്വത്തോട് അഭ്യർഥിച്ചു.
“എല്ലാ നേതാക്കളും മ്യാൻമറിന്‍റെ ജനാധിപത്യം സംരക്ഷിക്കാൻ നിലകൊള്ളണം. അക്രമത്തിൽ നിന്ന് വിട്ടുനിന്ന് പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും പൂർണമായി ബഹുമാനിക്കണമെന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ജനാധിപത്യം, സമാധാനം, മനുഷ്യാവകാശം, നിയമവാഴ്ച എന്നിവയ്ക്കായി മ്യാൻമാറിലെ ജനങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ അചഞ്ചലമായ പിന്തുണയുണ്ടെന്നും ഗുട്ടെറസ് പ്രഖ്യാപിച്ചു.