വാഷിങ്ടൺ: ജനുവരി 20ന് നടക്കുന്ന നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതിനു തെളിവില്ലെന്നു വിവിധ കോടതികൾ വ്യക്തമാക്കുകയും ട്രംപ് അനുകൂലികൾ യു.എസ് പാർലമെൻ്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി അക്രമം നടത്തുകയും ചെയ്‌തതിനു പിന്നാലെയാണ് ട്രംപിൻ്റെ പ്രസ്‌താവന. ട്വിറ്ററിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചത്. 1869ന് ശേഷം ആദ്യമായാണ് ഒരു യു.എസ് പ്രസിഡൻ്റ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. ആൻഡ്രൂ ജോൺസൺ ആണ് ഇതിന് മുൻപ് ചടങ്ങ് ബഹിഷ്‌കരിച്ച പ്രസിഡൻ്റ്.
ജോ ബൈഡൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ്
കാരണം എന്താണെന്നു വ്യക്തമാക്കാതെയാണ് ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തത്
കാരണം എന്താണെന്നു വ്യക്തമാക്കാതെയാണ് ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തത്. ട്രംപ് അനുകൂലികളായ നൂറുകണക്കിനു പേർ പാർലമെൻ്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറിയിരുന്നു. പൊലീസിനെ നോക്കുകുത്തിയാക്കി അഴിഞ്ഞാടിയ ഇവർ സഭാഹാളും ഓഫിസുകളും കയ്യേറുകയും ജനാലച്ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്‌തിരുന്നു.
സംഭവത്തിൽ ട്രംപിനെ രണ്ടാഴ്‌ചത്തേക്ക് ഫെയ്‌ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയതിന് പുറമെ ട്വിറ്ററും ട്രംപിൻ്റെ അക്കൗണ്ട് നിരോധിച്ചു. വെരിഫൈഡ് പ്രൊഫൈലും ഇതിലടങ്ങിയ എല്ലാ ട്വീറ്റുകളും ട്വിറ്റർ പിൻവലിക്കുകയും ചെയ്‌തു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ ഇനിയും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാൽ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുന്നുവെന്ന് ട്വിറ്റർ അറിയിക്കുകയായിരുന്നു. നേരത്തേ 12 മണിക്കൂർ നേരത്തേക്ക് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. അതേസമയം ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവര്‍ അപലപിച്ചിരുന്നു.