വാഷിങ്‌ടണ്‍:2021 ജനുവരി പകുതിയോടെ അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇറാഖിൽ നിന്നും 2500 അമേരിക്കൻ സൈനികരെ പിൻവലിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പെന്‍റഗണിനോട് ഉത്തരവിട്ടതായി ആക്‌ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ അറിയിച്ചു. ട്രംപ് സ്ഥാനമൊഴിയുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനിലെ സൈനികരുടെ എണ്ണം 4,500ൽ നിന്ന് 2,500 ആയും ഇറാഖിലെ സേനകളുടെ എണ്ണം 3,000ൽ നിന്ന് 2500 ആയും കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാഖിൽ നിന്നും സൈനികരെ പിൻവലിക്കാനുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ ഉത്തരവുകൾ ഉടൻ നടപ്പാക്കുമെന്ന് മില്ലര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാഖിൽ നിന്നും സൈനികരെ പിൻവലിക്കാൻ ട്രംപിന്‍റെ ഉത്തരവ്
പ്രസിഡന്‍റ് ട്രംപിന്‍റെ ഉത്തരവുകൾ ഉടൻ നടപ്പാക്കുമെന്ന് ആക്‌ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ദേശീയ സുരക്ഷാ സഭയുമായി നടത്തിയ വിശദമായി കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് വിദേശങ്ങളില്‍ നിയമിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണം കുറയ്‌ക്കാൻ ട്രംപ് തീരുമാനിച്ചതെന്ന് മില്ലർ പറഞ്ഞു. പദ്ധതികളെക്കുറിച്ച് അമേരിക്കൻ കോൺഗ്രസിലെ പ്രധാന നേതാക്കളുമായും വിദേശത്തുള്ള ഞങ്ങളുടെ സഖ്യകക്ഷികളുമായും വിദേശ പങ്കാളികളുമായും താൻ സംസാരിച്ചിട്ടുണ്ടെന്നും മില്ലര്‍ വ്യക്തമാക്കി.
ഫെബ്രുവരിയില്‍ താലിബാനുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് സൈനികരെ പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കരാറിലെത്തിയതിന് ശേഷം അഫ്ഗാൻ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ താലിബാൻ ശക്തമാക്കിയിട്ടുണ്ട്. ഇത് സമാധാന നീക്കത്തിന് തടസം സൃഷ്‌ടിക്കുന്നതായും ക്രിസ്റ്റഫർ മില്ലർ പറഞ്ഞു. ഒരാഴ്‌ച മുമ്പ് പുറത്താക്കപ്പെട്ട മാര്‍ക്ക് എസ്‌പറിന് പകരക്കാരിയായാണ് ക്രിസ്‌റ്റഫര്‍ മില്ലര്‍ അമേരിക്കൻ പ്രതിരോധ സെക്രട്ടറിയായി സ്ഥാനമേറ്റത്.