കേരളം

kerala

ETV Bharat / international

സിറിയയില്‍ സൈന്യത്തെ നിലനിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

സൈനികരെ വീട്ടിലെത്തിക്കാന്‍ സമയമായെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. സൈന്യത്തിന്‍റെ എതിര്‍പ്പും നിലപാട് മാറ്റത്തിന് കാരണമായി.

ഡൊണാള്‍ഡ് ട്രംപ്

By

Published : Mar 6, 2019, 5:34 PM IST

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഭരണകൂടത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്‍റെ നിലപാട് മാറ്റം. അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കെഴുതിയ കത്തില്‍ സിറിയയില്‍ സൈനിക സാന്നിധ്യം തുടരുന്നതിനെ താന്‍ 100 ശതമാനവും പിന്തുണയ്ക്കുന്നുവെന്ന് ട്രംപ് പറയുന്നു. സിറിയയില്‍ അമേരിക്ക നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്താനും മേഖലയിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സൈനിക സാന്നിധ്യം അനിവാര്യമാണെന്നും കത്തിലുണ്ട്. ഡിസംബര്‍ 20ന് സിറിയയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ സമയമായെന്ന് ട്രംപ് പറഞ്ഞിരുന്നു. കാലങ്ങളായി നാട് വിട്ടു കഴിയുന്ന സൈനികരെ വീട്ടിലെത്തിക്കാന്‍ സമയമായെന്നാണ് ട്രംപ് അന്ന് പറഞ്ഞത്.

ട്രംപിന്‍റെ പ്രസ്താവനക്കെതിരെ അമേരിക്കൻ സര്‍ക്കാരിനുള്ളില്‍ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരാഴ്ചക്കുള്ളില്‍ സിറിയയില്‍ നിന്നും ഐഎസിനെ തുടച്ചു നീക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ ഐഎസ് വിരുദ്ധ പോരാട്ടം തുടരുമെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം. സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന പ്രഖ്യാപനത്തിനര്‍ത്ഥം പോരാട്ടം അവസാനിപ്പിക്കുന്നു എന്നല്ലെന്നും സഖ്യകക്ഷികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പോംപിയോ പറഞ്ഞിരുന്നു. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഡോണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിലുള്ള അമേരിക്കന്‍ സൈന്യത്തിന്‍റെ അതൃപ്തിയും നിലപാട് മാറ്റത്തിന് കാരണമായി. സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം തങ്ങളുമായി ആലോചിച്ചല്ലെന്ന് യുഎസ് സൈന്യത്തിന്‍റെ പശ്ചിമേഷ്യന്‍ മേധാവി ജനറൽ ജോസഫ് വെടേലും വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details