ന്യൂയോർക്ക് :ഏറെ കാലത്തെ തന്‍റെ ആഗ്രഹം നിറവേറ്റാൻ സർ റിച്ചാർഡ് ബ്രാൻസണിന് മുന്നിൽ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് (ജൂലൈ 11) ഇന്ത്യൻ സമയം 6.30ന് ബ്രാൻസൺ തന്‍റെ സ്വന്തം കമ്പനിയായ വിർജിൻ ഗാലക്‌ടിക്ക് നിർമിച്ച ബഹിരാകാശ വിമാനത്തിൽ പറക്കും.
71-ാം ജന്മദിനത്തിന് ഒരാഴ്‌ച മാത്രം ബാക്കി നിൽക്കെയാണ്, സാഹസികത ഏറെ ഇഷ്‌ടപ്പെടുന്ന ഈ ശതകോടീശ്വരൻ ബഹിരാകാശ യാത്രയ്ക്കായി പുറപ്പെടുന്നത്. ബ്രാൻസണിന് പുറമെ ബഹിരാകാശ വിമാനത്തിൽ അഞ്ച് പേർ കൂടിയുണ്ടാകും.
ഇതിൽ ഒരു ഇന്ത്യക്കാരിയും ഉണ്ടെന്നത് ഈ യാത്ര രാജ്യത്തുള്ളവരെ സംബന്ധിച്ച് പ്രാധാന്യമേറിയതാക്കുന്നു. ഇന്ത്യൻ വംശജയായ സിരിഷ ബാന്ദ്ലയാണ് ബ്രാൻസണിനൊപ്പം ബഹിരാകാശത്തേക്ക് തിരിയ്ക്കുന്നത്.
വിർജിൻ ഗാലക്‌ടിക്ക് കമ്പനി നിർമിച്ച വിഎസ്എസ് യൂണിറ്റി പേടകത്തിലാണ് യാത്ര. ഇതോടെ ഇതുവരെ ആരും തന്നെ കൈവയ്ക്കാതിരുന്ന ബഹിരാരാശ ടൂറിസം എന്ന ബ്രാൻസന്‍റെ സ്വപ്‌ന പദ്ധതിക്കും ചിറകുമുളയ്ക്കും.
യാത്ര ഇത്തരത്തിൽ
യുഎസിലെ ന്യൂ മെക്‌സിക്കോയിലെ സ്പേസ് പോർട്ട് അമേരിക്ക എന്ന ബഹിരാകാശ നിലയത്തിൽ നിന്നാണ് ആറംഗസംഘം യാത്ര തിരിയ്ക്കുന്നത്. വിഎംഎസ് ഈവ് എന്ന മദർഷിപ്പിന്‍റെ സഹായത്തോടെയാണ് വിഎസ്എസ് യൂണിറ്റി പറന്നുയരുക.
50,000 അടി ഉയരത്തിൽ വച്ച് മദർഷിപ്പിൽ നിന്നും യൂണിറ്റി വേർപെടും. ഇവിടെനിന്നും സ്വന്തം നിലയിൽ പ്രൊപ്പെല്ലറുകളുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് തിരിക്കും.
ഏതാനം മിനിട്ടുകൾ മാത്രമായിരിക്കും യൂണിറ്റി ബഹിരാകാശത്ത് ചെലവഴിയ്ക്കുക. പിന്നീട് വിമാനത്തിന് സമാനമായ രീതിയിൽ തന്നെ യൂണിറ്റി തിരികെ റൺവേയിൽ പറന്നിറങ്ങും.
ആകെ 90 മിനിറ്റോളമായിരിക്കും ബഹിരാകാശ യാത്ര നീണ്ടുനിൽക്കുക. ഇതിൽതന്നെ ഭാരമില്ലാത്ത അവസ്ഥ നാല് മിനിട്ടോളം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബെസോസിന് മുമ്പ് ബഹിരാകാശത്തെത്താൻ ബ്രാൻസൺ
ബ്രാൻസണിനെ കൂടാതെ ജെഫ് ബെസോസും ബഹിരാകാശത്തേക്ക് യാത്ര തിരിയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബെസോസ് പറക്കുന്നതിന്‍റെ ഒമ്പത് ദിവസം മുമ്പ് ബഹിരാകാശത്തെത്താനാണ് ബ്രാൻസൺ ലക്ഷ്യം വയ്ക്കുന്നത്. ജൂലൈ 20നാണ് ബെസോസിന്‍റെയും സംഘത്തിന്‍റെയും യാത്ര.
Also Read:21 ല്‍ തഴഞ്ഞു, 82ാം വയസ്സില്‍ ബഹിരാകാശത്തേക്ക് ; ബെസോസിനൊപ്പം പറക്കാന്‍ വാലി ഫങ്ക്
എന്നാൽ താനും ബെസോസും തമ്മിൽ ഒരു തരത്തിലുള്ള മത്സരവും ഇല്ലെന്നും അദ്ദേഹത്തിന്‍റെ കുതിപ്പിനായി താനും കാത്തിരിക്കുകയാണെന്നും നേരിട്ട് ആശംസകൾ അറിയിച്ചിട്ടുണ്ടെന്നും ബ്രാൻസൺ പറഞ്ഞു. ബെസോസ് തിരികെയെത്തിയതിന് ശേഷം അദ്ദേഹത്തിന്‍റെ യാത്രയെക്കുറിച്ച് കൂടുതൽ കേൾക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രയിൽ ആറ് പേർ
നാളെ ബഹിരാകാശത്തേയ്ക്ക് തിരിക്കുന്ന സംഘത്തിൽ ബ്രാൻസണും സിരിഷയ്ക്കും പുറമെ നാല് പേരാണുള്ളത്. ബെത്ത് മോസസ്, കോളിൻ ബെന്നറ്റ്, ഡേവ് മക്ക്കെയ്, മൈക്കൽ മസൂച്ചി എന്നിവരാണത്.
മലയാളികളും ഉറ്റുനോക്കുന്ന യാത്ര
മലയാളികൾക്കും പ്രധാനപ്പെട്ടതാണ് ബ്രാൻസണിന്‍റെ ഇന്നത്തെ ബഹിരാകാശ യാത്ര. ലോക സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയും ഈ വാഹനത്തിലാണ് തന്‍റെ ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇതോടെ ബഹിരാകാശ ടൂറിസത്തിൽ അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിൽ ഒരാളാകാന്‍ പോവുകയാണ് അദ്ദേഹം.
അതിനാൽ തന്നെ ഇന്നത്തെ ബ്രാൻസണിന്‍റെ യാത്രയെ അദ്ദേഹവും വളരെ ഗൗരവത്തോടെ തന്നെയാകും വീക്ഷിക്കുക. എന്നാണ് താൻ പോകുന്നതെന്നോ ഏത് ബാച്ചിലാണ് തനിക്ക് അവസരം ലഭിച്ചതെന്നോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പരിശീലനങ്ങളും, പരിശോധനകളും പൂർത്തിയാക്കിയതായി സന്തോഷ് ജോർജ് കുളങ്ങര നേരത്തെ ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
ലോകം മാറുകയാണ്. മനുഷ്യൻ തന്‍റെ എല്ലാ അതിർവരമ്പുകളും കടന്ന് യാത്ര തുടരുകയാണ്. വൈകാതെ തന്നെ ബഹിരാകാശ ടൂറിസവും എല്ലാവർക്കും കൈയെത്തിപിടിയ്ക്കാൻ സാധിച്ചേക്കാവുന്ന ഒന്നായേക്കാം. അതിനുള്ള മുന്നൊരുക്കങ്ങൾ ലോകത്ത് ആരംഭിച്ച് കഴിഞ്ഞു. കാത്തിരിക്കാം നല്ല വാർത്തകൾക്കായി.