ന്യൂയോര്‍ക്ക്:പാകിസ്ഥാൻ, ചൈന, തുർക്കി എന്നിവിടങ്ങളിലെ ഇസ്ലാമിക് സ്റ്റേറ്റുകളുടെ മുന്നണികൾക്ക് ഭൗതിക സഹായം നൽകിയതിന് അമേരിക്കൻ വനിത സൂബിയ ഷഹനാസിന് 13 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. യുഎസ് ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജില്ലാ ജഡ്‌ജി ജോവാന സെബർട്ട് ബുധനാഴ്‌ചയാണ് വിധി പ്രഖ്യാപിച്ചത്. പാകിസ്ഥാനില്‍ ജനിച്ച യുഎസ് പൗരയാണ് സൂബിയ ഷഹനാസ്.
ഒരു വിദേശ തീവ്രവാദ സംഘടനക്ക് ഭൗതിക സഹായം നൽകിയതായി സൂബിയ ഷഹനാസ് 2018 നവംബറിൽ കുറ്റം സമ്മതം നടത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിലേക്കും അൽ-ഷാമിലേക്കും (ഐഎസ്ഐഎസ്) ഇവര്‍ 1,50,000 യുഎസ് ഡോളറിലധികം സമാഹരിച്ച് നല്‍കിയിരുന്നു.
ധനകാര്യ സ്ഥാപനങ്ങളുടെ വ്യാജ രേഖ ചമച്ച് ബാങ്കുകളില്‍ നിന്ന് വായ്‌പയും ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകളും സംഘടിപ്പിച്ച് ബിറ്റ്കോടിൻ വാങ്ങിയ സൂബിയ, പാകിസ്ഥാൻ, ചൈന, തുര്‍ക്കി എന്നിവിടങ്ങളിലെ വ്യാജ കമ്പനികളില്‍ നിക്ഷേപം നടത്തിയിരുന്നു. 2017 മാർച്ചിനും ജൂലൈക്കുമിടയിടയിലാണ് ഈ ക്രമക്കേടുകളെല്ലാം നടത്തിയതെന്ന് യുഎസ് നീതിന്യായ വകുപ്പിന്‍റെ പ്രസ്‌താവനയിൽ പറയുന്നു.
2017 ജൂലൈ 31ന് സിറിയയിലേക്ക് പോകാൻ അനുമതി തേടിയ സൂബിയയെ ന്യൂയോർക്കിലെ ജോൺ എഫ്.കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ് ചെയ്‌തത്. സൂബിയ ഷഹനാസ് ഐഎസ് ജിഹാദുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ അക്‌സസ് ചെയ്‌തിരുന്നതായും കണ്ടെത്തി. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും ഇവര്‍ പങ്കെടുത്തിരുന്നു. സിറിയയിലേക്ക് കടക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി ഇന്‍റർനെറ്റ് സെര്‍ച്ചുകളും നടത്തിയിരുന്നതായി കണ്ടെത്തി. ലോങ് ഐലൻഡിലെ ഷഹനാസിന്‍റെ വസതിയിൽ നടത്തിയ തെരച്ചിലില്‍ തീവ്രവാദവും ജിഹാദുമായി ബന്ധപ്പെട്ട ലഘുലേഖകളും കണ്ടെടുത്തിരുന്നു.