ന്യൂയോർക്ക് :സമുദ്രങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ചലനം മനസിലാക്കാന്‍ നാസയുടെ ഉപഗ്രഹ ഡാറ്റ ഉപയോഗിക്കുന്ന നൂതന മാർഗം കണ്ടെത്തി മിഷിഗൻ സർവകലാശാലയിലെ ശാസ്‌ത്രജ്ഞർ.
സൂര്യ രശ്‌മികളും സമുദ്രത്തിലെ ജലത്തിന്‍റെ മർദ്ദവുമേറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വിഘടിക്കും. ഇവയെ മൈക്രോ പ്ലാസ്റ്റിക്ക് എന്നാണ് വിളിക്കുന്നത്. മൈക്രോ പ്ലാസ്റ്റിക്ക് സമുദ്ര ജീവികൾക്കും ആവാസവ്യവസ്ഥയ്ക്കും ദോഷകരമാണ്.
സമുദ്രപ്രവാഹത്തിന് ഈ മൈക്രോ പ്ലാസ്റ്റിക്കുകളെ അതിന്‍റെ സ്രോതസ്സുകളില്‍ നിന്നും ആയിരക്കണക്കിന് മൈലുകൾക്ക് അപ്പുറത്തെത്തിക്കാന്‍ കഴിയും. ഇത്തരത്തിൽ സ്ഥാനചലനം ഉണ്ടാകുന്നതിലൂടെ അവയുടെ സാന്നിധ്യവും തിരിച്ചറിയാനും നീക്കം ചെയ്യാനും ബുദ്ധിമുട്ടാണ്.
നിലവിൽ മൈക്രോ പ്ലാസ്റ്റിക്കുകളെക്കുറിച്ചുള്ള വിവരം വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളാണ് നൽകുന്നത്. വല വീശുന്ന ഇവർക്ക് മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ലഭിക്കാറുണ്ട്.
സമുദ്ര മാലിന്യങ്ങൾ. കടപ്പാട്: നാസ എന്താണ് പുതിയ സാങ്കേതിക വിദ്യ?
പുതിയ സാങ്കേതിക വിദ്യ നാസയുടെ സൈക്ലോൺ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (സിവൈജിഎൻഎസ്എസ്) നിന്നുള്ള ഡാറ്റയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
സമുദ്രങ്ങൾക്ക് മുകളിലുള്ള കാറ്റിന്‍റെ വേഗത അളക്കുകയും ചുഴലിക്കാറ്റിന്‍റെ ശക്തിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്ന എട്ട് ചെറിയ ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് സിവൈജിഎൻഎസ്എസ്.
Also Read:ശുക്രനിലല്ല, ജീവന് സാധ്യത കൂടുതൽ വ്യാഴത്തിലെന്ന് പുതിയ പഠനം
കാറ്റിന്‍റെ വേഗത, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന അവശിഷ്‌ടങ്ങൾ എന്നിവ ഉൾപ്പടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്ന സമുദ്ര ക്ഷോഭത്തെ അളക്കാനും സിവൈജിഎൻഎസ്എസ് റഡാറുകൾ ഉപയോഗിക്കാറുണ്ട്.
എങ്ങനെ മൈക്രോ പ്ലാസ്റ്റിക്കുകളെ കണ്ടെത്തുന്നു ?
കാറ്റിന്‍റെ പ്രസരണം ഉള്ളപ്പോളും പതിവിന് വിപരീതമായി സമുദ്രം ശാന്തമായ പ്രദേശങ്ങൾ തെരഞ്ഞെടുക്കുകയാണ് സംഘം ആദ്യം ചെയ്‌തത്. തുടര്‍ന്ന് മൈക്രോ പ്ലാസ്റ്റിക്കുകൾ സമുദ്രത്തിൽ കൂടിച്ചേരുന്ന ഇടങ്ങള്‍ നിരീക്ഷണവിധേയമാക്കി.
വടക്കൻ അറ്റ്ലാന്‍റിക് ഉപ ഉഷ്‌ണമേഖലാ ഗൈറിൽ നിന്നുള്ള മൈക്രോപ്ലാസ്റ്റിക് ശകലങ്ങൾ, ഫിലമെന്‍റുകൾ, നാരുകൾ എന്നിവയുടെ ശേഖരം ഒരു ഡിസ്പോസിബിൾ വാട്ടർ ബോട്ടിലിൽ പ്രദർശിപ്പിച്ചിരിക്കുന്നു. കടപ്പാട്: നിക്കോൾ ട്രെൻഹോം / സമുദ്ര ഗവേഷണ പദ്ധതി
ശേഷം മുന്‍ പ്രവചനങ്ങള്‍ മുന്‍നിര്‍ത്തി ശാസ്‌ത്രജ്ഞർ ഈ പ്രദേശങ്ങളെ താരതമ്യം ചെയ്‌തു. ഇത്തരത്തില്‍ ലഭ്യമാകുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ പ്ലാസ്റ്റിക്കുകൾ ശാന്തമായ ജലത്തിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഇതിലൂടെ ബഹിരാകാശത്ത് നിന്നും സമുദ്രത്തിലെ മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്താനുള്ള ഉപകരണമായി സിവൈജിഎൻഎസ്എസ് ഡാറ്റ ഉപയോഗിക്കാമെന്ന് തെളിഞ്ഞെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
സമുദ്രത്തിന്‍റെ ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതൽ കോട്ടം വരുത്തുന്ന ഒന്നാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ. ഇവയെ ഫലപ്രദമായി കണ്ടെത്തി നീക്കം ചെയ്യുന്നതിലൂടെ കോടിക്കണക്കിന് സമുദ്രജീവികളുടെ ആവാസവ്യവസ്ഥ തിരികെ നൽകാനാകും.