വാഷിങ്ടണ്‍: അതിവേഗം പടരുന്ന കൊവിഡ് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാൻ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണിന്‍റെ ഒറ്റ ഡോസ് വാക്‌സിന് സാധിക്കുമെന്ന് പഠനം. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി റിപ്പോര്‍ട്ട് പ്രകാരം ഡെല്‍റ്റ വകഭേദത്തിനെതിരെയും മറ്റ് SARS-CoV-2 വകഭേദത്തിനെതിരെയും വാക്‌സിൻ വളരെയധികം ഫലപ്രദമാണ്. 8 മാസം വരെ രോഗപ്രതിരോധ ശേഷി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഠന സംഗ്രഹങ്ങള്‍ bioRxiv പ്രീപ്രിന്‍റ് സെര്‍വറിന് നല്‍കി.
ഡെല്‍റ്റ - ബീറ്റ നേരിടാം ഒറ്റ ഡോസില്‍
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബീറ്റ വകഭേദത്തിനെക്കാൾ ഡെല്‍റ്റ വകഭേദത്തെ നേരിടുന്നതില്‍ ജോൺസൺ ആൻഡ് ജോൺസണിന്‍റെ സിംഗിൾ ഡോസ് വാക്‌സിൻ ഫലപ്രദമാണ്. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഏറെ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളില്‍ ഈ വാക്‌സിന്‍ 85 ശതമാനം ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ, മരണനിരക്ക് കുറയ്ക്കാനും ഈ വാക്‌സിനിലൂടെ സാധിച്ചുവെന്നും പഠനങ്ങൾ പറയുന്നു. കൊവിഡ് ബീറ്റ, സീറ്റ വകഭേദങ്ങള്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ഉള്‍പ്പെടെ വാക്സിൻ നല്‍കുന്നുണ്ട്.