വാഷിങ്ടണ്‍: ഞായറാഴ്ച ഹ്യൂസ്റ്റണിൽ നടക്കാനിരിക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇരു രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരബന്ധത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് കൂടികാഴ്ച നല്‍കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരിഹാരം അത്ര എളുപ്പമല്ല. ഇരു രാജ്യങ്ങളും അവരുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ വിഷയം സങ്കീര്‍ണമാവുകയാണ്.
നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞുവെന്ന് ഒരു ദേശീയ വാര്‍ത്താ എജന്‍സി വിവരം പുറത്തുവിട്ടതോടെയാണ്, ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരു നേതാക്കളും തമ്മിലുള്ള കൂടികാഴ്ചക്ക് അരങ്ങൊരുങ്ങുന്നത് ഹൂസ്റ്റണിലാണ്.
ഐക്യരാഷ്‌ട്രസഭയുടെ വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാന്‍ മോദി ന്യൂയോര്‍ക്കിലേക്ക് പോകുന്നുണ്ട്. ഈ മാസം 21 മുതല്‍ 27 വരെ മോദി അമേരിക്കയിലുണ്ടാകും. ഇതിനിടയില്‍ ഞായറാഴ്ച ഹ്യൂസ്റ്റണിൽ ഇന്ത്യക്കാരായ പ്രവാസികള്‍ സംഘടിപ്പിക്കുന്ന “ഹൗഡി മോഡി” എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. ഇതേ പരിപാടിയില്‍ ട്രംപുമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഞായറാഴ്ച ഉണ്ടാകാനിരിക്കുന്ന പ്രഖ്യാപനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
എന്നാല്‍ ചില സാധ്യതകള്‍ വിലയിരുത്താം. 2017-18 ൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം 48 ബില്യൺ ഡോളറിലെത്തിയിരുന്നു, എന്നാല്‍ ഇറക്കുമതി 27 ബില്യൺ ഡോളര്‍ മാത്രമായിരുന്നു.
ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ അമേരിക്കയ്‌ക്കുള്ള ഈ 30 ബില്യൺ ഡോളറിന്‍റെ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനായുള്ള പ്രഖ്യാപനങ്ങള്‍ ട്രംപ് നടത്താനിടയുണ്ട്.
രാജ്യത്തെ സാമ്പത്തികനിലയേയും, ആഭ്യന്തര ബിസിനസുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ, ഇന്ത്യക്കെതിരെ ട്രംപ് ചില വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. കൂടുതലും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അടയ്‌ക്കേണ്ടി വരുന്ന ഉയര്‍ന്ന താരിഫുകളെക്കുറിച്ചായിരുന്നു. അമേരിക്കന്‍ ഇറക്കുമതിയെ ഉയര്‍ന്ന താരിഫ് കാര്യമായി ബാധിച്ചതോടെ ഒരു ഘട്ടത്തിൽ അദ്ദേഹം ഇന്ത്യയെ “താരിഫ് രാജാവ്” എന്നു പോലും വിശേഷിപ്പിച്ചു.
തുടര്‍ന്ന് ഒരു പ്രതികാര നടപടിയെന്നവണ്ണം, ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ അനുവധിച്ച ഇളവുകള്‍ ട്രംപ് നിര്‍ത്തലാക്കി. സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) എന്ന പദ്ധതി പ്രകാരം ലോകത്തെ 129 രാജ്യങ്ങള്‍ക്ക് നല്‍കിയ ഇളവ് ഇന്ത്യക്ക് മാത്രം നിഷേധിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതല്‍ ശക്‌തിയാര്‍ജിച്ചു. ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുന്നതിനുമുമ്പ്, ജിഎസ്‌പിയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു ഇന്ത്യ.
അമേരിക്കയുെട തീരുമാനം ഇന്ത്യന്‍ വ്യാപാരത്തെ കാര്യമായി ബാധിച്ചു. രാജ്യത്തിന്‍റെ 19,000 ഉല്‍പന്നങ്ങളുടെ കയറ്റുമതിയാണ് പ്രതിസന്ധിയിലായത്. ഇതോടെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യേണ്ട വസ്തുക്കള്‍ വിയറ്റ്നാം, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ട പ്രാധാന്യം ലഭിക്കാതെയായി.
വരാനിരിക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ചയിൽ ഇന്ത്യയ്‌ക്ക് നല്‍കിയിരുന്ന ജിഎസ്പി ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുമോയെന്നതാണ് വലിയ ചോദ്യം. അത്തരം നടപടികളിലേക്ക് ട്രംപ് കടക്കണമെങ്കില്‍ ഇന്ത്യ ഉയര്‍ത്തിയ താരിഫ് കുറയ്ക്കേണ്ടിവരും, ഇതിന് ഇന്ത്യയും തയാറാകേണ്ടതുണ്ട്.