കേരളം

kerala

ETV Bharat / international

കുടിയേറ്റക്കാരുടെ കാലിന് വെടി വയ്ക്കണം; ട്രംപിനെതിരെ വെളിപ്പെടുത്തല്‍

അതിര്‍ത്തിയില്‍ വൈദ്യുത വേലി കെട്ടണം. കിടങ്ങുണ്ടാക്കി പാമ്പ്, മുതല തുടങ്ങിയ ജീവികളെ ഇടാനും നിര്‍ദേശം.

കുടിയേറ്റം രാജ്യസുരക്ഷയ്ക്ക് ഭീഷണി, അത്തരക്കാരുടെ കാലിന് വെടിവെക്കണം; ട്രംപിനെതിരെ വെളിപ്പെടുത്തല്‍

By

Published : Oct 3, 2019, 4:56 AM IST

ന്യൂയോര്‍ക്ക്: മെക്സിക്കന്‍ അതിര്‍ത്തിയിലൂടെ രാജ്യത്ത് കടക്കുന്നവരെ കാലിന് വെടിവച്ച് വീഴ്ത്താന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. കുടിയേറ്റക്കാരെ നേരിടാന്‍ അതിക്രൂരമായ മാര്‍ഗങ്ങള്‍ പ്രയോഗിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നതായും റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമ പ്രവര്‍ത്തകരായ മൈക്കല്‍ ഷയറും ജൂലി ഡേവിസും ചേര്‍ന്നെഴുതിയ ബോര്‍ഡര്‍ വാര്‍ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുകളുള്ളത്.

രാജ്യസുരക്ഷക്ക് കുടിയേറ്റം ഭീഷണിയാണ്. കുടിയേറ്റക്കാരുടെ കാലിന് വെടിവെക്കണം. അങ്ങനെ അവരുടെ വേഗത കുറക്കണം. അതിര്‍ത്തി കടക്കുന്നതിന് മുമ്പുതന്നെ അവര്‍ മരിച്ച് വീഴണമെന്നും ട്രംപ് നിര്‍ദേശം നല്‍കിയെന്നാണ് പരാമര്‍ശം. എന്നാല്‍ ഇത്തരം നടപടികള്‍ നിയമപരമല്ലെന്ന് അമേരിക്കന്‍ സൈന്യം ട്രംപിന് മറുപടി നല്‍കിയെന്നും പുസ്തകത്തില്‍ പറയുന്നു.

കുടിയേറ്റക്കാരെ നേരിടാനുള്ള ട്രംപിന്‍റെ കൂടുതല്‍ നിര്‍ദേശങ്ങളേപ്പറ്റിയും മൈക്കല്‍ ഷയറും ജൂലി ഡേവിസും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അതിര്‍ത്തിയില്‍ കൂര്‍ത്ത കമ്പികളോട് കൂടിയ മതിലുണ്ടാക്കാനും ഇതിലൂടെ വൈദ്യുതി കടത്തിവിടാനുമുള്ളതാണ് ഇതിലൊന്ന്. അതിര്‍ത്തിയില്‍ കിടങ്ങ് നിര്‍മിച്ച് അതിനുള്ളില്‍ മുതല, പാമ്പ് തുടങ്ങിയ വന്യജീവികളെ ഇടാനും ട്രംപ് നിര്‍ദേശിച്ചതായും പുസ്തകത്തില്‍ പറയുന്നു.

മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ഉത്തരവിന് ഒപ്പമുണ്ടായിരുന്ന നിര്‍ദേശങ്ങളായിരുന്നു ഇതെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. പന്ത്രണ്ടോളം ഉന്നത ഉദ്യോഗസ്ഥന്മാരുമായുള്ള അഭിമുഖങ്ങളെ അധികരിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.

ABOUT THE AUTHOR

...view details