കാലിഫോര്‍ണിയ: റഷ്യന്‍ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലായ ആര്‍ടിയ്ക്കും മറ്റുള്ളവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ഗൂഗിള്‍. വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവയില്‍ നിന്നായി റഷ്യന്‍ ചാനലുകള്‍ക്കുള്ള പരസ്യങ്ങള്‍ നിരോധിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫേസ്‌ബുക്കും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നിലവിലുള്ള അസാധാരണ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്‍റെ നടപടി. ഒരു കൂട്ടം ചാനലുകള്‍ക്ക് പരസ്യ വരുമാനം നല്‍കുന്നത് നിര്‍ത്തിവയ്‌ക്കുകയാണെന്ന് ഗൂഗിളിന്‍റെ യൂട്യൂബ് യൂണിറ്റ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ ഉപരോധമേര്‍പ്പെടുത്തിയ വിവിധ റഷ്യന്‍ ചാനലുകളും ഇതില്‍ ഉള്‍പ്പെടും.
റഷ്യൻ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ അവരുടെ വെബ്‌സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും വരുമാനം ഉണ്ടാക്കുന്നതിനും ഗൂഗിളിന്‍റെ പരസ്യ സാങ്കേതികവിദ്യ (ad technology) ഉപയോഗിക്കുന്നതിൽ നിന്നും വിലക്കുകയാണെന്നും ഗൂഗിൾ വ്യക്തമാക്കി.