ന്യൂഡല്‍ഹി: പിഎൻബി തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്‌സി ഡൊമിനിക്കയില്‍ അനധികൃതമായി പ്രവേശിച്ചെന്ന കേസില്‍ മജിസ്‌ട്രേറ്റ് കോടതി വാദം കേള്‍ക്കുന്നത് ജൂൺ 25 ലേക്ക് മാറ്റി. മാനസിക സമ്മർദവും ഉയർന്ന രക്തസമ്മർദവും മൂലം ചോക്‌സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷക സംഘം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
ചോക്‌സിയെ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തില്‍ വയ്ക്കാനും കോടതി ഉത്തരവിട്ടു. തിങ്കളാഴ്‌ച കേസില്‍ വാദം തുടങ്ങാനിരുന്നതാണെങ്കിലും ചോക്‌സി കോടതിയില്‍ ഹാജരായില്ല. ചോക്‌സിയെ ഡൊമിനിക്കയിലെ ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷക സംഘം അറിയിച്ചത്.
തുടര്‍ന്ന് ചോക്‌സിയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ചീഫ് മജിസ്‌ട്രേറ്റ് കാരെറ്റ്-ജോർജ് വാദം കേള്‍ക്കുന്നത് ജൂൺ 25 ലേക്ക് മാറ്റുകയായിരുന്നു. ജൂൺ 17 ന് ചോക്‌സിയെ കോടതിയിൽ ഹാജരാക്കാനും ചീഫ് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു.
Read more: ഡൊമിനിക്കയിൽ അനധികൃതമായി പ്രവേശിച്ചതിന് മെഹുൽ ചോക്‌സി മറുപടി നൽകണമെന്ന് ജഡ്‌ജി
ബാര്‍ബറയ്‌ക്കെതിരെ തെളിവുകള്‍
അതേസമയം, ബാര്‍ബറ ജബറിക്കക്കെതിരെ പുതിയ തെളിവുകളുമായി ലണ്ടനിലെ ചോക്‌സിയുടെ അഭിഭാഷകൻ മൈക്കൽ പോളക് രംഗത്തെത്തി. ബാർബറ ജബറി ജെട്ടിയിൽ താമസ സൗകര്യം ബുക്ക് ചെയ്യാൻ ശ്രമിച്ചെന്നും സമീപ പ്രദേശത്തെ ഒരു വസ്‌തുവിനെ കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read more: മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി
ചോക്‌സിയെ ചെറിയ ബോട്ടില്‍ കടലില്‍ കൊണ്ടുപോകുന്നതും തുടര്‍ന്ന് ഡൊമിനിക്കയിലേയ്ക്ക് കൊണ്ടുപോകുന്നതിനായി വലിയ ബോട്ടിലേയ്ക്ക് മാറ്റുന്നതുമുള്‍പ്പെടെ പോളക് ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
ഇന്ത്യയില്‍ നിന്ന് ഡൊമിനിക്കയിലേക്ക്
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്തെന്നാണ് ചോക്‌സിക്കെതിരായ കേസ്. 2017 ൽ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ചോക്‌സി ആന്‍റിഗ്വയുടെയും ബാർബുഡയുടെയും പൗരത്വം എടുത്തിരുന്നു. ഇതിനിടെ മെയ് 23 ന് ചോക്‌സിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
തുടര്‍ന്ന് അയൽ ദ്വീപായ ഡൊമിനിക്കയിൽ അനധികൃതമായി പ്രവേശിച്ചതിന് അറസ്റ്റിലാകുകയായിരുന്നു.ആന്‍റിഗ്വയിലെ ജോളി ഹാർബറിൽ നിന്ന് ചോക്‌സിയെ തട്ടിക്കൊണ്ടുപോയി ഒരു ബോട്ടിൽ ഡൊമിനിക്കയിലേയ്‌ക്ക് കൊണ്ടുവന്നതാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകർ ആരോപിക്കുന്നത്.