വാഷിങ്ടണ്‍: കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസുകള്‍ നല്‍കിയതിന് ശേഷം അധിക പ്രതിരോധത്തിനായി നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട ആവശ്യമില്ലെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടനയിലെ ശാസ്‌ത്രജ്ഞര്‍. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മഹാമാരിയുടെ ഈ ഘട്ടത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ ഉചിതമല്ലെന്ന നിര്‍ദേശം ശാസ്‌ത്രജ്ഞര്‍ മുന്നോട്ട് വച്ചത്.
ക്ലിനിക്കൽ അല്ലെങ്കിൽ എപ്പിഡെമോളജിക്കൽ ഡാറ്റ അല്ലെങ്കില്‍ രണ്ടും കൂടിയുള്ള ഡാറ്റ സൂക്ഷ്‌മമായി വിശകലനം ചെയ്‌തതിന്‍റെ അടിസ്ഥാനത്തില്‍ വേണം ബൂസ്റ്റിങോ അല്ലെങ്കിൽ ബൂസ്റ്റിങിന്‍റെ സമയത്തെക്കുറിച്ചുള്ള ഏത് തീരുമാനങ്ങളും എടുക്കാനെന്നും ലേഖനത്തില്‍ ശാസ്‌ത്രജ്ഞര്‍ പറയുന്നു.
നിലവിലെ വാക്‌സിന്‍ ഫലപ്രദം
നിലവിൽ ഉപയോഗിക്കുന്ന വാക്‌സിനുകൾക്ക് രോഗപ്രതിരോധ ശേഷി ഉണ്ടെന്നും പുതിയ വൈറസ് വകഭേദങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ മൂന്നാം ഡോസിന് പകരം പ്രത്യേകം പരിഷ്‌ക്കരിച്ച വാക്‌സിന്‍ ബൂസ്റ്ററുകൾ നൽകുന്നതാണ് നല്ലതെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു.
ഡെൽറ്റ ഉൾപ്പെടെയുള്ള എല്ലാ പ്രധാന വൈറസ് വകഭേദങ്ങളുടേയും ലക്ഷണങ്ങൾക്കെതിരെ നിലവിലെ വാക്‌സിനുകൾ വളരെ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ ബൂസ്റ്ററുകളുടെ ആവശ്യകതയെ ന്യായീകരിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണ്.