വാഷിങ്ടൺ:ചൈനീസ് കൊവിഡ് വാക്‌സിൻ കൊവിഡിനെ ചെറുക്കുന്നതിൽ പരാജയപ്പെടുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് വാക്‌സിനായ സിനോഫാം വിതരണം ചെയ്‌ത രാജ്യങ്ങളിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
അതേ സമയം കൊവിഡ് വാക്‌സിനേഷനിൽ രണ്ടാമത് നിൽക്കുന്ന ഇസ്രയേലിൽ 4.95 ശതമാനം മാത്രമാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിൽ ഫൈസർ വാക്‌സിനാണ് വിതരണം ചെയ്യുന്നത്.
സിനോഫാം ഫലപ്രദമായി പ്രവർത്തിക്കുന്നില്ല?
മംഗോളിയ, ബെഹറിൻ, സീഷെല്‍സ് എന്നീ രാജ്യങ്ങളിലാണ് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നത്. ഈ രാജ്യങ്ങളിൽ പ്രധാനമായും ചൈനീസ് കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്‌തിരുന്നത്. വാക്‌സിൻ ഫലപ്രദമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ കൊവിഡ് വീണ്ടും റിപ്പോർട്ട് ചെയ്യില്ലായിരുന്നുവെന്നും ചൈനീസ് സർക്കാർ ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നും യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ വൈറോളജിസ്റ്റ് ജിൻ ഡോൺഗ്യാൻ പറഞ്ഞു.
ചൈനീസ് കൊവിഡ് വാക്‌സിൻ കൊവിഡ് വ്യാപനം തടയാൻ ഉതകുന്നതല്ലെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ചിലി, മംഗോളിയ, ബെഹറിൻ, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിൽ 50 മുതൽ 68 ശതമാനം ജനങ്ങളും ചൈനീസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് യുഎസിലെ അവർ വേൾഡ് ഇൻ ഡാറ്റ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ക്ലിനിക്കൽ ഡാറ്റ വിവരങ്ങൾ പുറത്തു വിടാതെ ചൈന
സീഷെല്‍സിൽ മുഖ്യമായും സിനോഫോം വാക്‌സിനാണ് വിതരണം ചെയ്‌തത്. ഇവിടെ പ്രതിദിനം ഒരു മില്യണിൽ 716 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 52 ശതമാനം ആളുകളും കൊവിഡ് വാക്‌സിനേഷന് വിധേയമായ മംഗോളിയയിൽ ഞായറാഴ്‌ച 2,400 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഫൈസർ, മോഡേണ വാക്‌സിനുകൾ 90 ശതമാനത്തിലധികം ഫലപ്രദമായി പ്രവർത്തിക്കുമ്പോൾ സിനോഫോം 78.1 ശതമാനം മാത്രമാണ് ഫലപ്രദമായിട്ടുള്ളത്. ചൈനീസ് കമ്പനികൾ കൊവിഡ് വാക്‌സിന്‍റെ ക്ലിനിക്കൽ ഡാറ്റയും പുറത്തുവിട്ടിട്ടില്ല.
READ MORE:നാല് വാക്സിനുകൾക്ക് കൂടി കയറ്റുമതി അനുമതി നൽകി ചൈന