ലൈല - മജ്‌നു, റോമിയോ - ജൂലിയറ്റ് അനശ്വരരായ പ്രണയജോഡികള്‍ ഏറെയുള്ള ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. കവിതയിലും കഥയിലും ചരിത്രത്തിലും നിറഞ്ഞുനില്‍ക്കുന്ന പ്രണയമെന്ന വികാരവും അനശ്വരമായ ഒന്നാണ്. കാഴ്‌ചയിലെ സൗന്ദര്യത്തിനപ്പുറം മനസുകളുടെ ഒരുമിക്കല്‍ കൂടിയാണ് പ്രണയമെന്ന് വിവരിക്കപ്പെടുന്നു.
പ്രണയത്തിന് കണ്ണില്ലെന്ന് തമാശയായി പോലും പറയാറുണ്ടെങ്കിലും അത് ഒരു തരത്തില്‍ യാഥാര്‍ഥ്യമാണ്. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ചിലതൊക്കെ രണ്ട് മനസുകളെ ഒന്നിച്ച് ചേര്‍ക്കാറുണ്ട്. അതുപോലെ തന്നെയാണ് പ്രണയം.
പ്രണയം എന്ന വികാരം ചെറുപ്പത്തോട് ഉപമിക്കുന്ന ഒരു വലിയ വിഭാഗമുണ്ട് സമൂഹത്തില്‍. പ്രണയത്തെ പലപ്പോഴും കുട്ടിക്കളിയായി പോലും വിലയിരുത്തുന്നു. എന്നാല്‍ വയസിനും അതീതമാണ് പ്രണയം എന്ന് പല സംഭവങ്ങളും നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അത്തരത്തിലൊരു പ്രണയ കഥ പറയാം.
കാനി കോട്ടണും ഹെർബ് ഡിക്കേഴ്‌സണും
അമേരിക്കയിലെ വെര്‍ജീനയിലുള്ള കാനി കോട്ടണ്‍ എന്ന യുവതിയുടെയും ഹെർബ് ഡിക്കേഴ്‌സണ്‍ എന്നയാളുടെ പ്രണയ കഥയാണിത്. പ്രാസമൊപ്പിച്ച് യുവതിക്ക് പിന്നാലെ യുവാവ് എന്ന് ഹെർബ് ഡിക്കേഴ്‌സന്‍റെ പേരിനൊപ്പം എഴുതാനാകില്ല. അതാണ് ഈ കഥയിലെ കാര്യവും. കാനിക്ക് പ്രായം 24 ആണെങ്കില്‍ ഹെർബിന് പ്രായം 68 ആണ്.
കണ്ടുമുട്ടൽ
2018ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. വേദിയായത് പാര്‍ക്കോ, സിനിമ തിയറ്ററോ ഷോപ്പിങ് മാളോ ഒന്നുമല്ല. അവിടെയുമുണ്ട് പ്രത്യേകത. വെർജീനിയയിലെ ഒരു അഭയ കേന്ദ്രത്തില്‍ വച്ചാണ് കാനിയും ഹെർബും ആദ്യമായി കാണുന്നത്. സന്നദ്ധ പ്രവർത്തനങ്ങള്‍ക്കായാണ് ഇരുവരും അവിടെയെത്തിയത്.
പ്രണയത്തിലേക്ക്
ആ പരിചയം പതുക്കെ പ്രണയത്തിലേക്ക് മാറുകയായിരുന്നു. കാനി തുറന്നുപറഞ്ഞ പ്രണയം ഹെർബ് സ്വീകരിച്ചു. ശേഷം ഇരുവരും ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചു. സദാചാരവാദത്തിന് രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ ഇല്ലാത്തതുകൊണ്ട് അതിനും സാക്ഷിയാകേണ്ടിവന്നു ഇരുവര്‍ക്കും.