വാഷിങ്‌ടൺ:അഫ്‌ഗാൻ നിയന്ത്രണം പിടിച്ചടക്കിയതിനു പിന്നാലെ താലിബാനെ വരുതിയിലാക്കാൻ ചൈന നീക്കം നടത്തുന്നതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. താലിബാൻ ഭീഷണിയാണെന്ന് മനസിലാക്കിയ ചൈന സംഘടനയുമായി അനുനയത്തിന് തയാറായതായി ബൈഡൻ അവകാശപ്പെട്ടു. ചൈനയിൽ നിന്ന് താലിബാൻ നിക്ഷേപം നേടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാബൂൾ പതനത്തിന് ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി, അഫ്‌ഗാൻ താലിബാൻ രാഷ്‌ട്രീയ കമ്മീഷൻ മേധാവി മുല്ല അബ്‌ദുൽ ഗനി ബരാദറുമായി കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാബൂൾ പിടിച്ചടക്കലിനു മുമ്പ് തന്നെ അഫ്‌ഗാന്‍റെ നിയമാനുസൃത ഭരണാധികാരിയായി താലിബാനെ അംഗീകരിക്കാൻ ചൈന തയാറായിക്കഴിഞ്ഞിരുന്നുവെന്ന് യുഎസ് മാധ്യമങ്ങൾ പറയുന്നു.