ടിക് ടോക്കിന് പിന്നാലെ ചൈനയുടെ ആലിബാബയേയും നിരോധിക്കാനൊരുങ്ങി യു.എസ്
90 ദിവസത്തിനകം ടിക്‌ടോക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ അവസാനിപ്പിക്കണമെന്നാണ് ബൈറ്റ്ഡാന്‍സ് കമ്പനിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം
വാഷിങ്‌ടണ്‍: ടിക് ടോക്കിന് പിന്നാലെ ഇ-കോമേഴ്‌സ് ഭീമനായ ആലിബാബ ഉൾപ്പെടെയുള്ള ചൈനീസ് ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളെ നിരോധിക്കാനൊരുങ്ങി അമേരിക്ക. 90 ദിവസത്തിനകം ടിക്‌ടോക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ അവസാനിപ്പിക്കണമെന്നാണ് ബൈറ്റ്ഡാന്‍സ് കമ്പനിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ദേശസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ചൂണ്ടികാണിച്ച് ടിക്‌ടോക്കിന്‍റെയും വി ചാറ്റിന്‍റെയും ഉടമകളായ ബൈറ്റ്ഡാന്‍സിന് ഓഗസ്റ്റ് 14 ന് ട്രംപ് എക്‌സിക്യൂട്ടിവ് നോട്ടീസ് നല്‍കിയിരുന്നു. വിശ്വസനീയമല്ലാത്ത കമ്പനികളുടെ ഭീഷണിയില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിന് ട്രംപ് ഭരണകൂടം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും യു.എസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളായ ആപ്പിള്‍, ഗൂഗിളില്‍ എന്നിവയില്‍ നിന്നും ടിക്‌ടോക്ക്, വീചാറ്റ് ആപ്പുകള്‍ നീക്കം ചെയ്യുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്‍റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടിക് ടോക്ക്, വി ചാറ്റ്, ഹലോ എന്നിവയുൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കഴിഞ്ഞ ജൂൺ 29ന് ഇന്ത്യയിൽ നിരോധിച്ചിരുന്നു.