ഹവാന: യുഎസിലെ 9/11 ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ എന്നറിയപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് കൊവിഡ് മൂലം 18 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ക്യൂബയിലെ സൈനിക കോടതിയിൽ ഹാജരായി.
അഞ്ചുപേർക്ക് വിചാരണ
മുഹമ്മദിനൊപ്പം വാലിദ് മുഹമ്മദ് സാലിഹ് മുബാറക് ബിൻ അത്താഷ്, റംസി ബിൻ അൽ ഷിബ്, അലി അബ്‌ദുൽ അസീസ് അലി, മുസ്‌തഫ അഹമ്മദ് ആദം അൽ ഹൗസവി എന്നിവരും 2001ൽ നടന്ന ആക്രമണത്തിൽ പങ്കുണ്ടെന്ന് കാണിച്ച് കോടതിയിൽ ഹാജരായി. കുറ്റം തെളിഞ്ഞാൽ അഞ്ചുപേർക്കും വധശിക്ഷ ലഭിക്കുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
2012ൽ ഒബാമ ഭരണകാലത്ത് അമേരിക്കയിലെ ഗ്വാണ്ടനാമോയിൽ ഹാജരാക്കിയതിന് ശേഷം വിചാരണയിൽ നിരവധി വെല്ലുവിളികളാണ് നേരിട്ടത്. 2020 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് അഞ്ച് പ്രതികളും കോടതിയിൽ ഹാജരാകുന്നത്. 2001 സെപ്‌റ്റംബർ 11ൽ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണമാണ് അമേരിക്കയിൽ നടന്നത്. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്‍ററിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 3,000ത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
ALSO READ:താലിബാനെതിരെ സ്ത്രീകളുൾപ്പെടെയുള്ളവരുടെ പ്രതിഷേധ പ്രകടനം ; പാകിസ്ഥാനും രൂക്ഷവിമർശനം
അൽ ഖ്വയ്‌ദ ഭീകരർ തട്ടിക്കൊണ്ടുപോയ വിമാനങ്ങളുപയോഗിച്ചാണ് വേൾഡ് ട്രേഡ് സെന്‍ററിന്‍റെ രണ്ട് ടവറുകളും തകർത്തത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ പ്രധാനിയാണ് ഷെയ്‌ഖ് മുഹമ്മദ്. 9/11 ആക്രമണത്തെ തുടർന്ന് അൽ ഖ്വയ്‌ദ തലവൻ ഉസാമ ബിൻ ലാദനെ വധിക്കാൻ യുഎസ് അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കുകയായിരുന്നു.