സ്‌ത്രീയായതിന്‍റെ പേരിൽ അവസരങ്ങൾ നഷ്‌ടപ്പെട്ട ഒരുപാടുപേർ ലോകത്തുണ്ട്. എത്രയെത്ര അവസരങ്ങൾ, എന്തൊക്കെ അവസരങ്ങൾ. ആ കൂട്ടത്തിലുള്ള ഒരു വനിതയാണ് വാലി ഫങ്ക്. ആൾ ചില്ലറക്കാരിയല്ല. 1961ൽ നാസയുടെ ബഹിരാകാശ യാത്രികരുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു വാലി. അന്ന് 21 വയസായിരുന്നു അവരുടെ പ്രായം.
'മെർക്കുറി 13' എന്ന പേരിലുള്ള ബഹിരാകാശ യാത്രാപദ്ധതിയിലായിരുന്നു വാലി അംഗമായിരുന്നത്. 13 സ്‌ത്രീകളുടെ സംഘമായിരുന്നു അത്. മെർക്കുറി 13ന് പുറമെ പുരുഷന്മാരുടെ സംഘമായ മെർക്കുറി 7ഉം പരിശീലനങ്ങൾക്കുണ്ടായിരുന്നു.
കർശനമായ പരിശീലന പരിപാടികളായിരുന്നു ഇരു സംഘങ്ങൾക്കും. എന്നാൽ, അവസാനമായപ്പോഴേക്ക് സ്‌ത്രീകളുടെ സംഘത്തെ ബഹിരാകാശത്ത് അയക്കേണ്ടെന്ന് നാസ തീരുമാനിച്ചു. സ്‌ത്രീ ആയി ജനിച്ചതിനാൽ അവസരം നഷ്‌ടപ്പെട്ട 21 കാരിയായിരുന്ന വാലി ഫങ്കിന് കാത്തിരിക്കേണ്ടി വന്നത് 60 വർഷങ്ങള്‍.
വീണ്ടും പൂവിട്ട ബഹിരാകാശ യാത്ര
അറുപത് വർഷങ്ങൾക്കിപ്പുറം 82 വയസായ വാലി ഫങ്ക് ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുകയാണ്. അന്ന് ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രിക എന്ന ബഹുമതി നഷ്‌ടമായ വാലിക്ക് നിലവിൽ സ്വന്തമാകാൻ പോകുന്നത് ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക എന്ന അംഗീകാരമാണ്.
കാലാവസ്ഥ അനുകൂലമെങ്കിൽ ജൂലൈ 20ന് ടെക്‌സസിൽ നിന്നും ലോഞ്ച് ചെയ്യുന്ന ബ്ലൂ ഒറിജിന്‍റെ ബഹിരാകാശ പേടകത്തിലാണ് വാലി ഫങ്ക് പറക്കുക. വിവരം ലോകത്തെ അറിയിച്ചത് മറ്റാരുമല്ല. ലോകമെമ്പാടും സുപരിചിതനായ, ഏറ്റവും സമ്പന്നരിൽ ഒരാളായ ആമസോൺ സ്ഥാപന്‍ ജെഫ് ബെസോസാണ്.
തന്‍റെ സ്വന്തം പേടകമായ ന്യൂ ഷെപ്പേഡ് ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ വിശിഷ്‌ടാതിഥിയായി വാലി ഫങ്കും കൂടെയുണ്ടാകുമെന്നാണ് ബെസോസ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ആദ്യമായി ബഹിരാകാശത്തെത്തിയ അമേരിക്കക്കാരൻ അലൻ ഷെപ്പേഡിന്‍റെ സ്‌മരണാർഥമാണ് പേടകത്തിന് ന്യൂ ഷെപ്പേഡ് എന്ന് പേരിട്ടിരിക്കുന്നത്. ഇവരുടെ ഒപ്പം മറ്റ് രണ്ട് പേരുമുണ്ടാകും. ജെഫിന്‍റെ സഹോദരൻ മാർക്കും ലേലം വിളിയിലൂടെ 2.80 കോടി ഡോളർ (208 കോടി രൂപ) മുടക്കി ടിക്കറ്റ് എടുത്ത അജ്ഞാതനുമാണ് മറ്റുള്ളവര്‍.
ബെസോസ് ഇൻസ്റ്റഗ്രാമിൽ നടത്തിയ പ്രഖ്യാപനം അത്ഭുതവും ആകാംക്ഷയും ആഹ്ളാദവും തുടിക്കുന്ന മുഖത്തോടെ കേട്ടുനിൽക്കുന്ന വാലിയുടെ ദൃശ്യങ്ങൾ അതിവേഗമാണ് സൈബറിടങ്ങളിൽ വൈറലായത്.
'മറ്റാരും ഇത്രമാത്രം കാത്തിരുന്നിട്ടില്ല,സമയമെത്തിയിരിക്കുന്നു,ബഹിരാകാശ സംഘത്തിലേക്ക് സ്വാഗതം വാലി, ഞങ്ങളുടെ വിശിഷ്‌ടാതിഥിയായി ബഹിരാകാശ യാത്രയ്ക്കൊരുങ്ങിക്കോളൂ'. ബെസോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
ചില്ലറക്കാരിയല്ല വാലി
അമേരിക്കയിൽ പൈലറ്റ് ലൈസൻസ് നേടിയ ആദ്യ വനിതകളിൽ ഒരാളാണ് വാലി. എന്നാൽ വിമാനം പറത്താനുള്ള പച്ചക്കൊടി അവർക്ക് മുമ്പിൽ വീശപ്പെട്ടില്ല. മൂന്ന് വിമാനക്കമ്പനികളാണ് പെണ്ണാണെന്ന കാരണത്താൽ അപേക്ഷകൾ നിരസിച്ചത്. പക്ഷേ തോൽക്കാൻ തയ്യാറായിരുന്നില്ല അന്നത്തെ വാലി എന്ന യുവതി.
Also Read:ധൈര്യമുണ്ടെങ്കില്‍ ഈ മുളക് രുചിച്ചു നോക്കൂ, വിവരം അറിയും!
അമേരിക്കയിലെ ആദ്യ വനിത എയർ സേഫ്റ്റി ഇൻവെസ്റ്റിഗേറ്റർ, ആദ്യ വനിത സിവിലിയൻ ഫ്ലൈറ്റ് ഇൻസ്‌ട്രക്‌ടർ, ആദ്യ വനിത ഫെഡറൽ ഏവിയേഷൻ ഏജൻസി ഇൻസ്‌പെക്‌ടർ എന്നീ അംഗീകാരങ്ങള്‍ വാലിയുടെ പേരിലാണ്. 19,600 മണിക്കൂറാണ് വാലി വിമാനം പറത്തിയിട്ടുള്ളത്. ഇതിനുപുറമെ 3000ത്തിലധികം പേർക്ക് ഇവര്‍ പൈലറ്റ് പരിശീലനവും നൽകി.