ജെനീവ:ഇസ്രയേൽ -പലസ്‌തീൻ സംഘർഷങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിൽ 256 പോരോളം പേർ കൊല്ലപ്പെട്ടുവെന്ന് യുഎൻ. ഗസ, വെസ്റ്റ്ബാങ്ക്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ഇതുവരെ 69 കുട്ടികൾ ഉൾപ്പെടെ 256 പേരാണ് മരിച്ചതെന്നും ആയിരത്തോളം പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.
ഗസയിൽ 63 കുട്ടികൾ ഉൾപ്പെടെ 219 പലസ്‌തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കിൽ നാല് കുട്ടികൾ ഉൾപ്പെടെ 25 പലസ്‌തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ ഒരു സൈനികനും രണ്ടും കുട്ടികളും ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. ഗസയിലും വെസ്റ്റ്ബാങ്കിലുമായി ആയിരത്തിലധികം പേർക്കാണ് സംഘർഷങ്ങളിൽ പരിക്കേറ്റത്.
ഗസയിലെ നിലവിലെ അവസ്ഥ
ഗസയിൽ ആറ് ആശുപത്രികളും ഒമ്പത് ഹെൽത്ത്കെയർ സെന്‍ററുകൾ അടച്ചുവെന്നും വ്യോമാക്രമണത്തെ തുടർന്ന് കൊവിഡ് പരിശോധന കേന്ദ്രം തകർന്നുവെന്നും യുഎൻ റിപ്പോർട്ട് ചെയ്തു. ഗസയിൽ നാലോ അഞ്ചോ മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭ്യമാകുന്നത്. വലിയ വൈദ്യുതി ക്ഷാമമാണ് ഗസയിൽ നിലവിലുള്ളത്. ഗസയിൽ 74,000 പേർക്ക് തിങ്കളാഴ്ച വരെ ഇലക്ട്രോണിക് വൗച്ചറുകൾ നൽകിയതായി വേൾഡ് ഫുഡ് പ്രോഗ്രോ റിപ്പോർട്ട് ചെയ്തു. ഗസയിൽ നശിപ്പിക്കപ്പെട്ട വീടുകളുടെ കേടുപാടുകൾ വിലയിരുത്തുന്നതും പുരോഗമിക്കുകയാണ്.
ഗസയിലെ നിയുക്ത പ്രദേശങ്ങളിൽ വെള്ളം, ശുചിത്വം, വൈദ്യുത ജനറേറ്ററുകൾ എന്നിവ അടക്കം വിതരണം ചെയ്യുമെന്ന് പലസ്‌തീനികൾക്കായുള്ള യുഎൻ അഭയാർഥി ഏജൻസിയായ യുഎൻആർഡബ്ല്യുഎ അറിയിച്ചു. കേറെം ഷാലോമിലൂടെ ഇന്ധന ട്രക്കുകൾ കടന്നു പോകുന്നതിന് ഇസ്രയേൽ അനുമതി നൽകിയിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ അവശ്യവസ്‌തുക്കളുമായി വന്ന വാഹനത്തെ ഇസ്രയേൽ തടഞ്ഞിരുന്നു.