എത്യോപ്യയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ എല്ലാ യാത്രക്കാരും മരിച്ചെന്ന് സ്ഥിരീകരണം. ജീവനക്കാരുള്‍പ്പടെ 157 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ട്വിറ്ററിലൂടെ എത്യോപ്യൻ എയർലൈൻ അധികൃതരാണ് അപകടത്തിൽ എല്ലാ യാത്രക്കാരും കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചത്. വിമാനം തകർന്ന് കിടക്കുന്ന സ്ഥലത്തെ ചിത്രവും എയർലൈൻ പങ്കുവച്ചിട്ടുണ്ട്. ഒഴിഞ്ഞ പ്രദേശത്ത് തകർന്ന് വീണ വിമാനത്തിന്‍റെ ഏതാനും അവശിഷ്ടങ്ങളും ചിത്രത്തിൽ കാണാം.
അഡിബ് അബാബയിൽ നിന്നും നെയ്റോബിയിലേക്ക് പോവുകയായിരുന്ന ബോയിങ് 737 വിമാനമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. വിമാനം പറന്ന് ഉയർന്ന് എട്ട് മിനിറ്റുകള്‍ക്കകമാണ് അപകടമുണ്ടായത്. ഇന്ത്യ, കെനിയ, കാനഡ, ചൈന, ബ്രിട്ടൻ , അമേരിക്ക തുടങ്ങി 33 രാജ്യങ്ങളിൽ നിന്നുളള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനം തകർന്ന് വീഴാനുളള കാരണം വ്യക്തമല്ല. സാങ്കേതിക പ്രശ്നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ എത്യോപ്യൻ പ്രധാനമന്ത്രി അബേ അഹമ്മദ്, കെനിയൻ പ്രസിഡന്‍റ് ഉഹ്റു കെന്‍റായ തുടങ്ങി നിരവധി പേർ അനുശോചിച്ചു.