ഹൈദരാബാദ്:പ്രശസ്‌ത തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത് ബാബു(71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് ഇന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗു ഭാഷകളിലെ ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് താരം. ശരത് ബാബുവിന്‍റെ നിര്യാണത്തിൽ സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി.
ശരപഞ്ചരം, ധന്യ, ഡെയ്‌സി, കന്യാകുമാരിയില്‍ ഒരു കവിത എന്നീ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് അദ്ദേഹം. വിവിധ ഭാഷകളിലായി 250ല്‍പരം സിനിമകളിലാണ് ശരത് ബാബു തന്‍റെ കരിയറില്‍ വേഷമിട്ടത്. കമല്‍ഹാസന്‍, രജനീകാന്ത്, എന്‍ടിആര്‍, ചിരഞ്‌ജീവി, ബാലകൃഷ്‌ണ ഉള്‍പ്പെടെയുളള തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ശരത് ബാബു വിവിധ സിനിമകളില്‍ അഭിനയിച്ചു.
വിജയശങ്കര ദീക്ഷിതുലു- സുശീലാദേവി ദമ്പതികളുടെ മകനായി 1951ലാണ് ശരത് ബാബുവിന്‍റെ ജനനം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ അംദാലവാലസയാണ് സ്വദേശം. കുട്ടിക്കാലത്ത് ഐപിഎസ് ഓഫിസറാവാന്‍ ആഗ്രഹിച്ച അദ്ദേഹം ആകസ്‌മികമായാണ് നാടകരംഗത്തേക്ക് എത്തുന്നത്. കോളേജ് കാലത്ത് നിരവധി നാടകങ്ങളില്‍ ശരത് ബാബു വേഷമിട്ടു.
1973 ല്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം രാമരാജ്യത്തിലൂടെ നായകനായിട്ടാണ് സിനിമയില്‍ തുടക്കം. തുടര്‍ന്ന് തന്‍റെ രണ്ടാമത്തെ സിനിമയില്‍ വില്ലനായി അദ്ദേഹം വേഷമിട്ടു. 1977ല്‍ സംവിധായകന്‍ കെ ബാലചന്ദറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പട്ടിണ പ്രവേശം എന്ന തമിഴ് സിനിമയിലൂടെയാണ് താരപദവിയിലെത്തിയത്. തുടര്‍ന്ന് തമിഴിലും തെലുഗുവിലുമായി നിരവധി ശ്രദ്ധേയ സിനിമകളില്‍ നടന്‍ അഭിനയിച്ചു.