കോട്ടയം : യുനോയ 2023 ഗ്ലോബൽ അക്കാദമിക് കാർണിവലിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും സർവകലാശാല ക്യാമ്പസിൽ പഠിച്ചതിന്‍റെ ഓർമ്മകളും പങ്കുവച്ച് നടി സുരഭി ലക്ഷ്‌മി. സിനിമ നടി എന്ന നിലയിലോ മറ്റേതെങ്കിലും മേഖലയിലോ ഉന്നത നിലയിൽ എത്തിയശേഷം മഹാത്മാഗാന്ധി സർവകലാശാലയിൽ ഒരു പരിപാടിയുടെ വേദിയിൽ വരുന്ന കാലം ഒരിക്കൽ സ്വപ്‌നം കണ്ടിരുന്നു. സുന്ദരമായ ആ സ്വപ്‌നത്തിന്‍റെ സാക്ഷാത്കാരമാണിത്. അത് സർവകലാശാലയുടെ സുപ്രധാന ചുവടുവയ്പ്പായ അക്കാദമിക് കാർണിവലിന്‍റെ വേദിയായതില്‍ ഏറെ സന്തോഷമുണ്ടെന്നും സുരഭി ലക്ഷ്‌മി പറഞ്ഞു.
'സുന്ദര സ്വപ്‌നം സഫലമായി' ; സന്തോഷം പങ്കുവച്ച് സുരഭി ലക്ഷ്‌മി - എംജി സർവകലാശാല സുരഭി ലക്ഷ്‌മി
യുനോയ 2023 ഗ്ലോബൽ അക്കാദമിക് കാർണിവലിനോടനുബന്ധിച്ചുള്ള ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനം നടി സുരഭി ലക്ഷ്‌മി നിർവഹിച്ചു. കോട്ടയം സിഎംഎസ് കോളജാണ് വേദി
'സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം ഫിൽ കോഴ്‌സിനുവേണ്ടിയാണ് ആദ്യം ഇവിടെ എത്തിയത്. അക്കാലത്ത് സഹപാഠിയായിരുന്ന സംവിധായകൻ ദിലീഷ് പോത്തന്‍റെ വീട്ടിൽ താമസിച്ചായിരുന്നു പഠനം. ചലച്ചിത്ര രംഗത്തേക്ക് വഴിതുറന്ന സംവിധായകൻ ജയരാജ് സാറിന്‍റെ നാട് എന്ന നിലയ്ക്കും കോട്ടയത്തോട് പ്രത്യേക അടുപ്പമുണ്ട്. സിനിമയിൽ ഗുരുസ്ഥാനീയനായ ലാൽ ജോസ് സാറിന്‍റെ സാന്നിധ്യവും ഈ ചടങ്ങ് എനിക്ക് പ്രിയപ്പെട്ടതാക്കുന്നു' - സുരഭി കൂട്ടിച്ചേർത്തു.
അക്കാദമിക് കാർണിവലിനോടനുബന്ധിച്ചുള്ള ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനം സുരഭി നിർവഹിച്ചു. ജനുവരി 18, 19 ദിവസങ്ങളിലായി കോട്ടയം സിഎംഎസ് കോളജിലാണ് ചലച്ചിത്രോത്സവവും ഓപ്പൺ ഫോറവും നടക്കുക. കോട്ടയം മാമ്മൻ മാപ്പിള ഹാളിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.