ബ്രഹ്മാണ്ഡ സിനിമയായ 'കെജിഎഫിനും' 'കെജിഎഫ് 2'നും ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘സലാർ’. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ഇന്ത്യന്‍ സിനിമയെ ലോകത്തിൻ്റെ നെറുകയില്‍ എത്തിച്ച സംവിധായകൻ രാജമൗലിയുടെ എക്കാലത്തെയും മികച്ച സൃഷ്‌ടിയായ ‘ബാഹുബലി’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസാണ്. ഹോളിവുഡിൽ മാത്രം കണ്ടുവന്നിരുന്ന ആക്ഷൻ രംഗങ്ങളും മികച്ച എഡിറ്റുങ്ങുമെല്ലാം ഇന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ആസ്വദിക്കാൻ പാകത്തിനൊരുക്കി വിപ്ലവത്തിന് തുടക്കം കുറിച്ച സിനിമയാണ് ബാഹുബലി. ചിത്രം ലോകത്താകമാനം നേടിയ കലക്ഷൻ 2000 കോടിയാണ്.
പിന്നീട് കെജിഎഫ്, ആർആർആർ, കെജിഎഫ് 2 എന്നിങ്ങനെ നിരവധി സിനിമകൾ 1000 കോടി ക്ലബ്ബില്‍ കയറി ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുകയും, അതിശയിപ്പിക്കുകയും ചെയ്‌ത, വെള്ളിത്തിരയിൽ വിസ്‌മയക്കാഴ്‌ച സമ്മാനിച്ച സിനിമകളായിരുന്നു ഇവയോരോന്നും. ഈ കൂട്ടത്തിലേക്ക് ഒരു പുതിയ അഡ്‌മിഷനായാണ് പ്രശാന്ത് നീലും, പ്രഭാസും ഒന്നിക്കുന്ന ‘സലാർ’എത്തുന്നത്.
വിദേശ സിനിമകളെ പോലും കടത്തിവെട്ടുന്ന കാഴ്‌ചാനുഭവങ്ങളുമായി എത്തുന്ന സിനിമ ഇപ്പോൾ ‘പാൻ ഇന്ത്യൻ’ റിലീസ് എന്ന സ്ഥിരം റിലീസ് രീതിയിൽ നിന്ന് മാറി ചിന്തിച്ച് ആഗോള റിലീസിനൊരുങ്ങുകയാണ്. സിനിമ ഇന്ത്യൻ ഭാഷ പതിപ്പുകളെ കൂടാതെ ഇംഗ്ലീഷിലും ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കാന്താര, കെജിഎഫ് തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ‘സലാർ’ നിർമ്മിക്കുന്നത്.
also read:വരുൺ ധവാനും, ജാൻവി കപൂറും: ‘ബവാൽ’ റിലീസ് ഒക്ടോബറിലേക്ക്
‘വരദരാജ മന്നാർ’ആയി പൃഥ്വി: ‘വരദരാജ മന്നാർ’ എന്ന നെഗറ്റീവ് കഥാപാത്രമായി പൃഥ്വിരാജും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമയിൽ പൃഥ്വിയെക്കൂടാതെ മറ്റൊരു താരം കൂടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. സംവിധായകൻ ലോകേഷ് കനകരാജ് തൻ്റെ സിനിമകളിൽ ചെയ്തതിന് സമാനമായി കെജിഎഫും സലാറും തമ്മിൽ ഒരു ബന്ധം സൃഷ്ടിക്കാനായി സംവിധായകൻ പ്രശാന്ത് നീൽ യാഷിനെ സിനിമയിൽ റോക്കി ഭായിയായി അവതരിപ്പിക്കുമെന്നുമാണ് വിവരം. എന്നാൽ സലാറിൽ യാഷ് അഭിനയിക്കില്ലെന്നും ഇവ വെറും അഭ്യൂഹങ്ങളാണെന്നും ഹോംബാലെ ഫിലിംസിൻ്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കിയിരുന്നു.
റോക്കി ഭായിയെ 'സലാറി'ൽ കാണാൻ സാധിക്കുമോ: എന്നിരുന്നാലും പ്രശാന്ത് നീൽ ചിത്രത്തിൽ അതിഥി വേഷത്തിൽ റോക്കി ഭായിയെ അവതരിപ്പിക്കും എന്നാണ് ഇപ്പോഴും അഭ്യൂഹങ്ങൾ പരക്കുന്നത്. അതിനാൽ ചിത്രം പുറത്തിറങ്ങുമ്പോൾ റോക്കി ഭായിയെ 'സലാറി'ൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ശ്രുതി ഹാസനാണ് ‘സലാറി'ല്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് സലാറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി ബസ്രൂർ സംഗീതം ഒരുക്കുന്ന ചിത്രത്തൽ 'കെജിഎഫ്' ഫ്രാഞ്ചൈസിയിൽ ക്യാമറ ചലിപ്പിച്ച ഭുവൻ ഗൗഡയാണ് ഛായാഗ്രാഹകൻ.
പൃഥ്വിരാജിൻ്റെ പ്രതിനായക കഥാപാത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർ, റോക്കി ഭായിയെ എങ്ങനെ സലാറിലേക്ക് പ്രശാന്ത് നീൽ കൊണ്ടുവരും എന്ന ചോദ്യത്തിലാണ്. ഈ വർഷം സെപ്‌റ്റംബർ 23 നാണ് സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്.